

അമേരിക്കന്‍-ഇറാന്‍ ചര്‍ച്ചയില്‍ അമേരിക്കയുടെ അവകാശവാദം നിഷേധിച്ച് ഖത്തര്‍. ദോഹയില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഖത്തര്‍ അറിയിച്ചു. ചര്‍ച്ചയ്ക്കായി ഉന്നത തല ഉദ്യോഗസ്ഥരെ ഖത്തറിലേക്ക് അയച്ചിട്ടുണ്ടെന്ന അമേരിക്കയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം.
'എന്റെ അറിവില്‍ വരും ദിവസങ്ങളില്‍ ഖത്തറില്‍ വെച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ല', എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മില്‍ ഉന്നതതല യോഗവും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഇന്ന് ഖത്തറില്‍ യുഎസ് - ഇറാന്‍ ചര്‍ച്ച നടക്കുമെന്ന് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഇറാനും തള്ളിക്കളഞ്ഞിരുന്നു. അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍ വിദേശകാര്യവക്താവ് വ്യക്തമാക്കി. മരവിപ്പിച്ച സ്വത്തുക്കള്‍ മോചിപ്പിക്കുന്ന കാര്യങ്ങള്‍ക്കായി മാത്രമാണ് അമേരിക്കന്‍ പ്രതിനിധി സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നതെന്നായിരുന്നു ഇറാന്റെ വിശദീകരണം. എന്നാല്‍ അമേരിക്ക തയ്യാറായാല്‍ ഇറാനും കരാര്‍ വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഇറാന്‍ പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയില്ലെന്നാണ് ഇറാന്‍ അറിയിച്ചത്.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും ആരംഭിച്ച സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണ ആയതായും, ദോഹയില്‍ ചര്‍ച്ച നടക്കുമെന്നുമായിരുന്നു ട്രംപ് അറിയിച്ചത്. ഇറാന്‍ ചര്‍ച്ച ആവശ്യപ്പെട്ടതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും അമേരിക്കയുടെ വാദം തള്ളി രംഗത്തെത്തിയത്.
ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്കകമായിരുന്നു, വ്യവസ്ഥകള്‍ പാടെ ലംഘിച്ച് ആക്രമണവും തിരിച്ചടികളുമായി ഇരുരാജ്യങ്ങളും രംഗത്തെത്തിയത്. ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിയുമായി അമേരിക്ക രംഗത്തെത്തിയത്. ഇറാനില്‍ ശക്തമായ ആക്രമണമാണ് അമേരിക്ക നടത്തിയത്. ഇറാന്റെ മിസൈല്‍ ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. തീരദേശ റഡാര്‍ സംവിധാനങ്ങളും ആക്രമിച്ചിരുന്നു. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ചാണ് അമേരിക്കയുടെ ആക്രമണം. ജൂണ്‍ 17ന് ഒപ്പുവെച്ച ധാരണാപത്രത്തില്‍ പ്രധാനമായും 14 വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. വെടിനിര്‍ത്തല്‍, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം, എണ്ണ കയറ്റുമതി, മരവിപ്പിച്ച സ്വത്തുക്കളുടെ മോചനം തുടങ്ങിയവയായിരുന്നു പ്രധാന വ്യവസ്ഥകള്‍.
Content Highlights: Qatar has rejected the US claim regarding planned talks with Iran in Doha