

രാജ്യത്തിന്റെ ഗതാഗത ചരിത്രത്തിലേക്ക് കുതിച്ച് യുഎഇ ആദ്യ പാസഞ്ചര്‍ ട്രെയിന്‍ ഇത്തിഹാദ് റെയില്‍ ഇന്ന് പ്രവർത്തനം ആരംഭിച്ചു. ഇന്ന് പുലർച്ചെ 5.34നാണ് ഫുജൈറയില്‍ നിന്നും ഉദ്ഘാടന സര്‍വ്വീസ് യാത്ര ആരംഭിച്ചത്. ഒരു മണിക്കൂറും നാല്‍പ്പത്തഞ്ചു മിനിറ്റുകളും എടുത്താണ് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ഇത്തിഹാദ് റെയിൽ എത്തിയത്. 7.19 ഓടെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിനെ വൻ ജനാവലിയാണ് സ്വാഗതം ചെയ്തത്. ട്രെയിനിലെ കന്നിയാത്രയില്‍ പങ്കാളിയായവര്‍ക്ക് ട്രെയിനില്‍ സൗജന്യ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. യുഎഇയുടെ പരമ്പരാഗത നൃത്തമായ എമിറാത്തി നൃത്തം ചരിത്ര നിമിഷത്തെ സ്വാഗതം ചെയ്തുകൊണ്ട് ആഘോഷത്തിന്റെ ഭാഗമായി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് റെയില്‍വേ സ്റ്റേഷനുകളും ട്രെയിനും ഒരുക്കിയിരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സുഗമമായി ഉപയോഗിക്കാവുന്ന പ്രത്യേക സൗകര്യങ്ങള്‍, വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ബോര്‍ഡുകള്‍, വിശാലമായ പാര്‍ക്കിങ് സൗകര്യം, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ എന്നിവ സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. സൗജന്യ വൈഫൈ, ഓരോ സീറ്റിലും മൊബൈല്‍ ലാപ്‌ടോപ്, ചാര്‍ജിങ് പോര്‍ട്ടുകള്‍, മടക്കാവുന്ന ടേബിളുകള്‍, വിശാലമായ ലഗേജ് റാക്കുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ മലയാളികള്‍ക്കും പുതിയ ട്രെയിന്‍ സര്‍വീസ് വലിയ സൗകര്യമാണ് ഉണ്ടാക്കുന്നത്. നിലവില്‍ റോഡ് മാര്‍ഗ്ഗം അബുദാബിയില്‍ നിന്നും ഫുജൈറയിലേക്കെത്താന്‍ രണ്ടര മുതല്‍ മൂന്ന് മണിക്കുര്‍ വരെ സമയമെടുക്കാറുണ്ട്. എന്നാല്‍ പൂതിയ റെയില്‍വേ വരുന്നതോടെ ഈ യാത്രാദുരിതത്തിന് വലിയ പരിഹാരമാണ് ഉണ്ടാവുന്നത്.
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളില്‍ 5000 ത്തിലധികം യാത്രക്കാരാണ് സീറ്റുകള്‍ റിസര്‍വ് ചെയ്തത്. ഇതോടെ യുഎഇയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത സൗജന്യ ആപ്പായി ഇത്തിഹാദ് റെയിലിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ മാറി. ജൂലൈ 5 വരെയുള്ള പല സര്‍വീസുകളുടെയും ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിക്കപ്പെട്ടു കഴിഞ്ഞു.
അബുദാബിയില്‍ നിന്നും ഫുജൈറയിലേക്കും തിരിച്ച് ഫുജൈറയില്‍ നിന്ന് അബുദാബിയിലേക്കും പ്രതിദിനം മൂന്ന് സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുന്നത്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ മാത്രമായിരിക്കും ഇരു വശങ്ങളിലേക്കും നടത്തുക എന്നും അധികൃതര്‍ അറിയിച്ചു.
ദുബായ് റെയില്‍വേ സ്റ്റേഷനും അല്‍ ദൈദ് റെയില്‍വേ സ്റ്റേഷനും 2026 സെപ്തംബര്‍ 30 ന് തുറക്കും. തുടര്‍ന്ന് ഡിസംബര്‍ 30 ന് അല്‍ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും തുറക്കും. 2027 മാര്‍ച്ച് 30 ന് ഷാര്‍ജ റെയില്‍വേ സ്റ്റേഷന്‍ തുറക്കുന്നതോടെ പാസഞ്ചര്‍ ട്രെയിന്‍ ശൃംഖല പൂര്‍ണമായും പൂര്‍ത്തിയാകും. പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയ റെയില്‍ ശൃംഖലയായി ഇത്തിഹാദ് റെയില്‍ മാറും എന്ന് ഇത്തിഹാദ് റെയില്‍ മൊബിലിറ്റിയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അദ്ര അല്‍മന്‍സൂരി വ്യക്തമാക്കി.
Content Highlights: The UAE has officially commenced Etihad Rail operations, marking a major step in the country's transport infrastructure