

യുഎഇയിലെ വേനൽക്കാല പഠന ക്യാമ്പുകൾ അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ ആരംഭിക്കാനിരിക്കെ, കുട്ടികളുടെ ആരോഗ്യകാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. കടുത്ത ചൂടുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, പലതരത്തിലുള്ള അണുബാധകൾ, നിർജലീകരണം എന്നിവയുടെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ശ്രദ്ധിക്കണമെന്നാണ് യുഎഇയിലെ ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ക്യാമ്പുകളിൽ കുട്ടികൾ മത്സരങ്ങളിൽ ഏർപ്പെടുമ്പോഴും ഇൻഡോർ ഹാളുകളിൽ ഒന്നിച്ചിരിക്കുന്നതുമെല്ലാം രോഗങ്ങൾ പകരാൻ കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി.
അതിരൂക്ഷമായ ചൂട് തന്നെയാണ് വേനൽക്കാല ക്യാമ്പുകളിൽ പങ്കെടുക്കുന്ന കുട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ഷാർജ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് അൽഗെസൗലി വ്യക്തമാക്കുന്നു. അതിനാൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയുള്ള കടുത്ത ചൂടിൽ കുട്ടികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കണം. ക്യാമ്പ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് മുതൽ തന്നെ ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം കുടിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണം. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ, തൊപ്പി, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൂടാതെ, സ്വിമ്മിംഗ് പൂളുകളും ഇൻഡോർ ഹാളുകളും പങ്കിടുന്നതിലൂടെ ചർമ്മ രോഗങ്ങളും ജലദോഷം, നോറോവൈറസ് തുടങ്ങിയ ഉദരരോഗങ്ങളും വേഗത്തിൽ പടരാൻ സാധ്യതയുണ്ട്.
ചൂട് മുലമുള്ള പ്രശ്നങ്ങൾ കൂടാതെ കുട്ടികൾ ഒത്തുകൂടുന്ന സാഹചര്യങ്ങളിൽ അണുബാധകൾ പടരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് എൻ.എം.സി മെഡിക്കൽ സെന്ററിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. രൂപ ഭക്തവത്സലു പറയുന്നു. നോറോവൈറസ് പോലെയുള്ള ഉദരരോഗങ്ങൾ, ജലദോഷം, പനി എന്നിവ കുട്ടികൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയും മലിനമായ പ്രതലങ്ങളിലൂടെയും വേഗത്തിൽ പടരും. കൈകാലുകളിലും വായിലും വരുന്ന കുമിളകൾ, ചിക്കൻപോക്സ് എന്നിവയും ഈ സമയത്ത് സാധാരണമാണ്. ഈ സാഹചര്യത്തിൽ കുട്ടികളെ ക്യാമ്പുകളിലേക്ക് വിടുന്നതിന് മുൻപ് കൃത്യമായ പ്രതിരോധ കുത്തിവെയ്പ്പുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളുടെ ബാഗിൽ സൺസ്ക്രീൻ, വാട്ടർ ബോട്ടിൽ, ലഘുഭക്ഷണങ്ങൾ, ഫസ്റ്റ് എയ്ഡ് കിറ്റ്, പനിക്കും ജലദോഷത്തിനുമുള്ള അടിസ്ഥാന മരുന്നുകൾ എന്നിവ കരുതണം. എന്തെങ്കിലും അലർജിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് ക്യാമ്പ് അധികൃതരെ മുൻകൂട്ടി അറിയിക്കുകയും വേണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
അകാരണമായ ക്ഷീണം, ദേഷ്യം, തലവേദന, തലകറക്കം, ഓക്കാനം, മൂത്രത്തിന്റെ അളവ് കുറയുക എന്നിവ നിർജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. അമിതമായി വിയർക്കുക, ഛർദ്ദി, പേശിവേദന എന്നിവ കണ്ടാൽ കുട്ടിയെ ഉടൻ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റി വെള്ളം നൽകണം. ആശയക്കുഴപ്പം, അബോധാവസ്ഥ, ശരീരതാപനില ക്രമാതീതമായി ഉയരുക എന്നിവ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന സൂര്യഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഒട്ടും വൈകാതെ വൈദ്യസഹായം ലഭ്യമാക്കാൻ മാതാപിതാക്കളും ക്യാമ്പ് അധികൃതരും ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Health professionals in the UAE have urged parents and organizers of summer learning camps to take extra care of children’s health. They warned about heat-related illnesses and stressed the importance of hydration, shaded activities, and proper supervision during the extreme summer season.