പ്രവാസികളുടെ കാത്തിരിപ്പിന് അവസാനം; കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വീണ്ടും നേരിട്ടുള്ള വിമാന സർവീസ്

സർവീസ് പുനരാരംഭിക്കുന്ന ആദ്യ ദിനം വിമാനത്തിന് പ്രത്യേക സമയക്രമമായിരിക്കും ഉണ്ടായിരിക്കുക

പ്രവാസികളുടെ കാത്തിരിപ്പിന് അവസാനം; കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് വീണ്ടും നേരിട്ടുള്ള വിമാന സർവീസ്
dot image

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് വീണ്ടും സജീവമാകുന്നു. പ്രവാസികൾക്കും അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കും ആശ്വാസമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസ് ജൂലൈ മൂന്ന് മുതൽ പുനരാരംഭിക്കും. പശ്ചിമേഷ്യയിലെ സംഘർഷവും തുടർന്നുണ്ടായ വിമാനയാത്രാ നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സർവീസ് താല്ക്കാലികമായി നിർത്തിവെച്ചിരുന്നത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചതോടെയാണ് ഇപ്പോൾ കോഴിക്കോട്ടേയ്ക്കും വിമാന സർവീസ് പുനരാരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ സമയക്രമപ്രകാരം, കോഴിക്കോട് നിന്ന് പുലർച്ചെ 2:25-ന് പുറപ്പെടുന്ന വിമാനം രാവിലെ 4:50-ന് കുവൈറ്റിലെത്തും. മടക്കയാത്രയിൽ കുവൈറ്റിൽ നിന്ന് രാവിലെ 5:50-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1:35-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തും. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 കേന്ദ്രീകരിച്ചായിരിക്കും ഈ സർവീസുകളെല്ലാം പ്രവർത്തിക്കുക.

അതിനിടെ സർവീസ് പുനരാരംഭിക്കുന്ന ആദ്യ ദിനമായ ജൂലൈ 3-ന് മാത്രം വിമാനത്തിന് പ്രത്യേക സമയക്രമമായിരിക്കും ഉണ്ടായിരിക്കുക. അന്ന് കോഴിക്കോട് നിന്ന് രാവിലെ 7:30-ന് പുറപ്പെടുന്ന വിമാനം രാവിലെ 10:05-ന് കുവൈറ്റിലെത്തുകയും തുടർന്ന് 11:05-ന് അവിടെനിന്ന് പുറപ്പെട്ട് വൈകിട്ട് 6:50-ന് കോഴിക്കോട് എത്തിച്ചേരുകയും ചെയ്യും. നേരിട്ടുള്ള ഈ വിമാന സർവീസ് പുനരാരംഭിക്കുന്നത് യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നതിനാൽ, മലബാർ മേഖലയിലെ ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ഇത് വലിയൊരു ആശ്വാസമായി മാറും.

Content Highlights: The long-awaited direct flight service between Kuwait and Kozhikode has resumed, easing travel for expatriates from Kerala. The reinstated route is expected to improve connectivity, reduce travel time, and benefit Gulf-based Malayalis who frequently travel between the two destinations.

dot image
To advertise here,contact us
dot image