

അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂൺ മാസത്തിലെ മൂന്നാമത് ഇലക്ട്രോണിക് നറുക്കെടുപ്പിൽ നാല് ഇന്ത്യക്കാർക്ക് ഭാഗ്യം. വിജയികളിൽ മൂന്ന് പേർ മലയാളികളാണ്. സമ്മാനാർഹരായ ഓരോരുത്തർക്കും 25,000 ദിർഹം (ആറര ലക്ഷത്തോളം ഇന്ത്യൻ രൂപ) വീതമാണ് ലഭിച്ചത്. ഗൾഫ് പ്രവാസികളായ ഇവർ അബുദാബി, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ജോലി ചെയ്യുന്നത്.
കൂട്ടുകാരോടൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്ന പതിവ് മാറ്റി, ആദ്യമായി സ്വന്തം പേരിൽ തനിയെ ടിക്കറ്റെടുത്തപ്പോഴാണ് ബഹ്റൈനിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന മലയാളി അനന്തു ശാലിനിയെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യമെത്തിയത്. 2017 മുതൽ അനന്തു കുടുംബമായി ബഹ്റൈനിലാണ് താമസം. സമ്മാനത്തുക പൂർണമായും തനിക്ക് തന്നെ ലഭിക്കുന്നതിനാൽ ഇതിൽ ഒരു പങ്ക് നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുക്കാനും ബാക്കി തുക സമ്പാദ്യമായി മാറ്റിവയ്ക്കാനുമാണ് തീരുമാനം.
വർഷങ്ങളായുള്ള ശ്രമത്തിനൊടുവിൽ ഇളഞ്ചൂര്യൻ വിജയകുമാർ എന്ന ആർക്കിടെക്റ്റിനും ആദ്യമായി സ്വന്തം പേരിൽ എടുത്ത ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചു. കഴിഞ്ഞ 15 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, സമ്മാനത്തുക നാട്ടിലെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് വ്യക്തമാക്കി. ഭാവിയിലും ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കെടുന്നത് തുടരാനാണ് ഇളഞ്ചൂര്യന്റെ തീരുമാനം.
അബുദാബിയിൽ ജിയോടെക്നിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് റിസാൽ മുഹമ്മദിനും ഇത്തവണ ഭാഗ്യം തുണച്ചു. സഹപ്രവർത്തകർക്കൊപ്പം ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് റിസാലിന് സമ്മാനം ലഭിച്ചത്. സമ്മാനവിവരം അറിഞ്ഞപ്പോൾ ആദ്യം തമാശയാണെന്ന് കരുതിയെന്നും, ഈ വിജയം നൽകിയ ആത്മവിശ്വാസത്തിൽ അടുത്ത തവണ ബിഗ് ടിക്കറ്റിന്റെ ബമ്പർ സമ്മാനം നേടുകയാണ് ലക്ഷ്യമെന്നും റിസാൽ ആവേശത്തോടെ പങ്കുവെച്ചു.
നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗദി അറേബ്യയിലുള്ള മലയാളി കൂട്ടായ്മയും ലക്ഷങ്ങളുടെ സമ്മാനത്തിന് അർഹരായി. 10 സുഹൃത്തുക്കൾ ചേർന്ന് ഓൺലൈൻ വഴി എടുത്ത ടിക്കറ്റിലൂടെയാണ് 25,000 ദിർഹം ഇവരെ തേടിയെത്തിയത്. ഗ്രൂപ്പിലെ അംഗമായ ജയകൃഷ്ണൻ കണ്ണൻ സമ്മാനവിവരത്തിന്റെ സന്തോഷം പങ്കുവെച്ചു. ലഭിച്ച സമ്മാനത്തുക 10 പേരും തുല്യമായി വീതം വെച്ചെടുക്കുമെന്നും വരും മാസങ്ങളിലും ഒരുമിച്ച് ഭാഗ്യം പരീക്ഷിക്കുന്നത് തുടരുമെന്നും സുഹൃത്തുക്കൾ പറഞ്ഞു.
Content Highlights: The latest Big Ticket draw has produced four Indian winners, including three from Kerala. The results have added to the growing list of Malayali winners in the popular UAE raffle, bringing excitement to the expatriate community.