

ഗതാഗത രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി അബുദാബി. ഈ വർഷം അവസാനത്തോടെ അബുദാബിയിൽ ഇലക്ട്രിക് എയർ ടാക്സി സർവീസുകൾ ആരംഭിച്ചേക്കുമെന്ന് ഇൻ്റഗ്രേറ്റ്ഡ് ട്രാൻസ്പോർട്ട് സെൻ്റർ വ്യക്തമാക്കി. ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ എയർ ടാക്സി സർവീസ് ആരംഭിക്കുന്ന നഗരങ്ങളിലൊന്നായി അബുദാബി മാറുമെന്നാണ് റിപ്പോർട്ടുകൾ.
ഫോബ്‌സ് മിഡിൽ ഈസ്റ്റ് ഉച്ചകോടിയിലാണ് അബുദാബി ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. അബ്ദുള്ള ഹമദ് അൽ ഗഫേലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. അബുദാബിയിലെ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ആകാശ ടാക്സികൾ യാഥാർത്ഥ്യമാകുന്നത്. യു.എസ് ആസ്ഥാനമായുള്ള 'ആർച്ചർ ഏവിയേഷൻ' വികസിപ്പിച്ചെടുത്ത 'മിഡ്‌നൈറ്റ്' ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് അബുദാബിയിൽ സർവീസുകൾ നടത്തുക. ഇതിനായുള്ള പരീക്ഷണ പറക്കലുകൾ ഇതിനകം തന്നെ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ലാൻഡ്, മാരിടൈം, ഏവിയേഷൻ മേഖലകളെ ഒന്നിപ്പിക്കുന്ന സമഗ്രമായ ഒരു യാത്രാ ശൃംഖലയാണ് അബുദാബി ലക്ഷ്യമിടുന്നത്.
എയർ ടാക്സിക്ക് പുറമെ, യാത്രക്കാർക്കായി പുതിയൊരു 'മൊബിലിറ്റി-ആസ്-എ-സർവീസ്' പ്ലാറ്റ്‌ഫോമും ഐടിസി ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറക്കും. അബുദാബി സർക്കാരിന്റെ 'ടാം' ആപ്പിന് സമാനമായ ഈ പുതിയ ആപ്ലിക്കേഷനിലൂടെ യാത്രക്കാർക്ക് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യാനും ബുക്ക് ചെയ്യാനും പേയ്‌മെന്റുകൾ നടത്താനും സാധിക്കും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സിസ്റ്റവും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
ട്രാഫിക് നിയന്ത്രണങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ കൃത്രിമബുദ്ധിയാണ് അബുദാബി ഇപ്പോൾ ഉപയോഗിക്കുന്നത്. ജനസംഖ്യാ വളർച്ച, ഭവന പദ്ധതികൾ, റോഡ് സെൻസറുകൾ, ടാക്സി-ബസ് സർവീസുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ എഐ വഴി വിശകലനം ചെയ്താണ് ട്രാഫിക് ബ്ലോക്കുകൾ മുൻകൂട്ടി പ്രവചിക്കുന്നതും പരിഹാരങ്ങൾ കണ്ടെത്തുന്നതും. കര, കടൽ, ആകാശ യാത്രകൾ തമ്മിൽ യാതൊരു തടസ്സവുമില്ലാതെ ബന്ധിപ്പിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കാൻ അബുദാബി മൊബിലിറ്റിക്ക് സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Content Highlights: Abu Dhabi's transport authorities have unveiled plans for flying taxi services as part of the emirate's smart mobility strategy. The initiative aims to transform urban transportation by introducing advanced air mobility, reducing travel time, and supporting sustainable transport solutions.