

അമരാവതി: സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ സ്വർണ്ണ ഖനന പദ്ധതിക്ക് തുടക്കം കുറിച്ച് ആന്ധ്രാപ്രദേശിലെ ജോന്നഗിരി . മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ജിയോമൈസൂർ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡെക്കാൻ ഗോൾഡ് മൈൻസ് എന്നീ കമ്പനികൾ സംയുക്തമായാണ് 405 കോടി രൂപയുടെ ഈ വൻകിട പദ്ധതി നടപ്പിലാക്കുന്നത്. സ്വർണ്ണം ഖനനം ചെയ്യുന്നതും വേർതിരിച്ചെടുക്കുന്നതും മുതൽ ബാറുകളാക്കി വിപണിയിൽ എത്തിക്കുന്നത് വരെയുള്ള എല്ലാ പ്രക്രിയകളും ജോന്നഗിരിയിൽ തന്നെയാണ് നടക്കുക.
പ്രാചീനകാലം മുതൽക്കേ സ്വർണ്ണ നിക്ഷേപത്തിന് പേരുകേട്ട സ്ഥലമാണ് ജോന്നഗിരി. അശോക ചക്രവർത്തിയുടെ ഭരണകാലത്ത് (ബി.സി.ഇ 268-232) ഈ പ്രദേശം 'സ്വർണ്ണഗിരി' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിന് തെളിവായി അശോകന്റെ ലിഖിതങ്ങൾ ഇവിടെയുള്ളവ സമീപ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി 3.6 മുതൽ 2.5 ബില്യൺ വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ട ഈ മേഖലയിൽ സ്വർണ്ണ അയിരുകളുടെ വലിയ നിക്ഷേപമുണ്ടെന്ന് 1990-കളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ വിശദമായ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഏകദേശം 1,500 ഏക്കർ സ്ഥലത്താണ് പദ്ധതി വ്യാപിച്ച് കിടക്കുന്നത്. കമ്പനികൾ ഓപ്പൺ പിറ്റ് ഖനന രീതിയും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് സ്വർണ്ണ ശുദ്ധീകരണം നടത്തുക. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 400 കിലോഗ്രാം സ്വർണ്ണം ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്ത ഘട്ടത്തിൽ ഇത് 900 കിലോഗ്രാം ആയി ഉയർത്തും. അന്തിമ ഘട്ടത്തില്‍ പ്രതിവർഷം 2 ടൺ സ്വർണ്ണ ഉൽപ്പാദനമാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി പ്രദേശവാസികളായ നിരവധി യുവാക്കൾക്കും സ്ത്രീകൾക്കും ഖനന വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനവും നൽകി വരുന്നുണ്ട്. പ്രതിവർഷം 800 ടണ്ണോളം സ്വർണ്ണം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ രാജ്യം ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് സ്വർണ്ണ ഇറക്കുമതിക്കായാണ്. ജോന്നഗിരിയിലെ ആഭ്യന്തര ഉൽപ്പാദനം വഴി സ്വർണ്ണ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. ഇതുകൂടാതെ, ഖനനം ചെയ്യുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 4 ശതമാനം റോയൽറ്റിയായി ആന്ധ്രാപ്രദേശ് സർക്കാരിന് ലഭിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രായലസീമ മേഖലയുടെ വികസനത്തിൽ ഈ പദ്ധതി നിർണ്ണായക പങ്കുവഹിക്കും. ഇതിനോടകം തന്നെ കുർണൂലിൽ വരാനിരിക്കുന്ന ഡ്രോൺ സിറ്റിയും പുട്ടപർത്തിയിലെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് പ്രൊജക്റ്റും ഉൾപ്പെടെയുള്ള വൻകിട വ്യവസായങ്ങളുടെ നിരയിലേക്കാണ് ഇപ്പോൾ ഈ സ്വർണ്ണ ഖനന പദ്ധതിയും എത്തിച്ചേർന്നിരിക്കുന്നത്.
Content Highlights: The Jonnagiri Gold Project in Andhra Pradesh has been inaugurated by Chief Minister N. Chandrababu Naidu, with a target of producing up to two tonnes of gold annually. The project is expected to strengthen India's domestic gold production, reduce import dependence, and contribute significantly to the country's mining and economic growth.