

ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന റീട്ടെയില്‍ കമ്പനികളിലൊന്നാണ് ട്രെന്‍ഡ്. ബെംഗളൂരുവിലെ കൊമേഷ്യല്‍ സ്ട്രീറ്റിലുള്ള ഒരു വെസ്റ്റ് സൈഡ് സ്റ്റോറില്‍ നിന്ന് തുടക്കമിട്ട കമ്പനി ഇന്ന് രാജ്യത്തുടനീളം 1,200-ലേറെ സ്റ്റോറുകളുള്ള റീട്ടെയില്‍ ശൃംഖലയായി വളര്‍ന്നു.
വെസ്റ്റ് സൈഡ്, സുഡിയോ, സ്റ്റാര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ശക്തമായ വികസനമാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായത്. ഇന്ന് ട്രെന്റിന്റെ റീട്ടെയില്‍ ബിസിനസിന്റെ വലിയൊരു വിഹിതം സുഡിയോയും സ്റ്റാര്‍ സ്റ്റോറുകളും ചേര്‍ന്നാണ് സൃഷ്ടിക്കുന്നത്. ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ മറ്റാരുമല്ല, ടാറ്റ ട്രസ്റ്റ് ചെയര്‍മാനും കൂടിയായ നോയല്‍ ടാറ്റയാണ് ട്രെന്‍ഡിനെ ഇന്നു കാണുന്ന വളര്‍ച്ചയിലേക്ക് ചുവട് വെപ്പിച്ചത്.
2014 മാര്‍ച്ച് 31ന് നോയല്‍ ട്രെന്റിന്റെ ചെയര്‍മാനായ ശേഷം കമ്പനിയുടെ ഓഹരി വില 68.29 രൂപയില്‍ നിന്ന് 3,217.25 ആയി ഉയര്‍ന്നു. ഇത് 47 മടങ്ങിലേറെ (4,611%) വളര്‍ച്ചയാണ്. അതേസമയം കമ്പനിയുടെ വിപണി മൂല്യം 3,403.91 കോടി രൂപയില്‍ നിന്ന് 1.71 ലക്ഷം കോടിയിലേയ്ക്ക് ഉയര്‍ന്നു. 2014 സാമ്പത്തിക വര്‍ഷത്തില്‍ 18.73 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിരുന്ന ട്രെന്റ്, 2015-ല്‍ 129.43 കോടി രൂപ ലാഭം നേടി. തുടര്‍ന്ന് കമ്പനിയുടെ വാര്‍ഷിക വരുമാനം 2,236.76 കോടി രൂപയില്‍ നിന്ന് 20,074.21 കോടി രൂപയായി. ഒമ്പത് മടങ്ങിലേറെ വര്‍ധനയാണിത്. ലാഭം 1,717.43 കോടി രൂപയായി, 13 മടങ്ങിലധികം ഉയര്‍ന്നു.
ആക്‌സിസ് സെക്യൂരിറ്റീസിന്റെ വിലയിരുത്തലില്‍, ഇന്ത്യയിലെ സംഘടിത റീട്ടെയില്‍ വിപണിയുടെ വളര്‍ച്ച കമ്പനിക്ക് ഗുണകരമായി. കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന തന്ത്രത്തില്‍ നോയല്‍ ടാറ്റ വിജയിച്ചു. സ്റ്റോറുകളുടെ അതിവേഗ വ്യാപനവും ട്രെന്റിന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമായി. 40 വര്‍ഷത്തിലേറെയായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ നോയല്‍ ടാറ്റ, 1999-ല്‍ ട്രെന്റിന്റെ ആദ്യ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്. 1998-ല്‍ ലാക്‌മേ സൗന്ദര്യവര്‍ധക ബിസിനസ് അവസാനിപ്പിച്ച് വസ്ത്ര റീട്ടെയിലിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് ട്രെന്റിന്റെ വളര്‍ച്ചയ്ക്ക് പുതിയ ദിശ ലഭിച്ചത്.
ഭാവിയില്‍ പ്രതിവര്‍ഷം 50 വെസ്റ്റ് സൈഡ് സ്റ്റോറുകള്‍, 200250 സുഡിയോ സ്റ്റോറുകള്‍, 2540 സ്റ്റാര്‍ സ്റ്റോറുകളും ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ദീര്‍ഘകാല ലക്ഷ്യമായി 700 വെസ്റ്റ് സൈഡ് സ്റ്റോറുകളും 5,000 സുഡിയോ സ്റ്റോറുകളും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ പാദരക്ഷകള്‍, ഇന്നര്‍വെയര്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, ലാബില്‍ നിര്‍മ്മിക്കുന്ന ഡയമണ്ടുകള്‍ തുടങ്ങിയ പുതിയ മേഖലകളിലേക്കും കമ്പനി വ്യാപനം ലക്ഷ്യമിടുന്നു. വെസ്റ്റ് സൈഡ്, സുഡിയോ ബ്രാന്‍ഡുകള്‍ വഴി വിദേശ വിപണികളിലേക്കും പ്രവേശിക്കാന്‍ ട്രെന്റ് പദ്ധതിയിടുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ട്രെന്റിന്റെ വളര്‍ച്ച ശക്തമായിരുന്നു. ആഭ്യന്തര വിതരണ ശൃംഖലയെ ആശ്രയിച്ചുള്ള വാങ്ങല്‍ തന്ത്രം വഴി ചെലവ് നിയന്ത്രിക്കാനും കമ്പനിക്ക് സാധിച്ചു. ജിഎസ്ടി പരിഷ്‌കാരങ്ങളുടെ ഗുണഫലവും ഉപഭോക്തൃ ചെലവിലെ വര്‍ധനയും ട്രെന്റിന്റെ ഭാവി വളര്‍ച്ചയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.
Content Highlights: Noel Tata Transforms Trent into a Retail Powerhouse with 1,200+ Stores and Massive Stock Growth