

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിന് പുതിയ ഡിസൈൻ ഒരുക്കി ദുബായ് എയർപോർട്ട്സ്. വിമാനത്താവളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്‌മാർക്കുകളിലൊന്നായ ടവറിൽ യുഎഇ പതാകയുടെ നിറങ്ങളാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ചരിത്രപരമായ വളർച്ചയും രാജ്യത്തിന്റെ അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഈ പുതിയ രൂപകൽപ്പന.
വിമാനത്താവളത്തിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന എയർ ട്രാഫിക് കൺട്രോൾ ടവർ ഇനി യുഎഇ പതാകയുടെ നിറങ്ങളിൽ തിളങ്ങും. വിമാനത്താവളത്തിലെത്തിയ മുതിർന്ന ഉദ്യോഗസ്ഥരുടെയും വിവിധ പങ്കാളികളുടെയും സാന്നിധ്യത്തിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുതിയ ഡിസൈൻ അനാച്ഛാദനം ചെയ്തത്. ദുബായ് പൊലീസിന്റെ ആവേശഭരിതമായ പരേഡും ചടങ്ങിന് മാറ്റുകൂട്ടി. നഗരത്തിലേക്ക് വരുന്നതും പോകുന്നതുമായ ലക്ഷക്കണക്കിന് യാത്രക്കാർക്ക് ഈ പുതിയ കാഴ്ച ഇനി ദൃശ്യമാകും.
1960-ൽ ഒരൊറ്റ റൺവേയുമായി പ്രവർത്തനം തുടങ്ങിയ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യോമയാന ഹബ്ബാണ്. വിമാനത്താവളത്തിലെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ 89 മീറ്റർ ഉയരമുള്ള ഈ ടവർ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. പ്രതിദിനം ആയിരക്കണക്കിന് വിമാന സർവീസുകളെ നിയന്ത്രിക്കുന്ന എയർസൈഡ് ടീം, എയർലൈനുകൾ, ഗ്രൗണ്ട് ഹാൻഡ്‌ലർമാർ എന്നിവരുടെ കഠിനാധ്വാനത്തിനുള്ള ആദരവ് കൂടിയാണ് പുതിയ നവീകരണമെന്ന് ദുബായ് എയർപോർട്ട്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മജീദ് അൽ ജോക്കർ പറഞ്ഞു.
പക്ഷിയുടെ ഘടനയോട് സാമ്യമുള്ള കമാനാകൃതിയിലുള്ള ചിറകുകളാണ് ഈ ടവറിന്റെ പ്രധാന സവിശേഷത. ടവറിന്റെ മുകളിലുള്ള മൾട്ടി-ലെവൽ കൺട്രോൾ സെന്ററിലിരുന്നാണ് ദുബായ് എയർ നാവിഗേഷൻ സർവീസസ് വിമാനങ്ങളുടെ ചലനങ്ങൾ അതീവ കൃത്യതയോടെ നിരീക്ഷിക്കുന്നത്. യു.എ.ഇ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സ്തംഭമായ വ്യോമയാന മേഖലയുടെ കുതിപ്പിന് അടിവരയിടുന്നതാണ് എടിസി ടവറിന്റെ ഈ പുതിയ മുഖം.
Content Highlights: Dubai International Airport has unveiled a new look for its air traffic control (ATC) tower, featuring the colors of the UAE national flag. The transformation aims to create a memorable welcome for passengers while highlighting national pride and strengthening the airport's visual appeal.