

ഷാർജയിൽ പൊതു പാർക്കിങ് സമയ പരിധി അർദ്ധരാത്രി വരെ നീട്ടി. ജൂലൈ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വാണിജ്യ-വിനോദസഞ്ചാര മേഖലകളിലെ തിരക്ക് നിയന്ത്രിക്കാനും പാർക്കിങ് ദുരുപയോഗം തടയാനുമാണ് മുനിസിപ്പാലിറ്റിയുടെ ഈ പുതിയ നടപടി.
പുതിയ പരിഷ്കാരത്തോടെ ഷാർജയിലെ എല്ലാ പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങളിലെയും സമയക്രമം മുനിസിപ്പാലിറ്റി ഏകീകരിച്ചിരിക്കുകയാണ്. ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് തുടങ്ങിയ എല്ലാ മേഖലകളിലെയും പെയ്ഡ് പാർക്കിങ് കേന്ദ്രങ്ങൾക്ക് പുതിയ സമയക്രമം ബാധകമായിരിക്കും. ഇതുപ്രകാരം ജൂലൈ ഒന്നു മുതൽ രാവിലെ എട്ട് മണി മുതൽ അർദ്ധരാത്രി 12 മണി വരെ പാർക്കിങ് ഫീസ് ബാധകമായിരിക്കും. മുൻപ് കുറഞ്ഞ സമയപരിധി ഉണ്ടായിരുന്ന മഞ്ഞ ബോർഡുകളുള്ള പാർക്കിങ് മേഖലകളുടെ സമയമാണ് ഇപ്പോൾ നീല ബോർഡുകളുള്ള മേഖലകൾക്ക് തുല്യമായി അർദ്ധരാത്രി വരെ നീട്ടിയത്. എമിറേറ്റിലുടനീളമുള്ള ഏകദേശം 1,24,000 പെയ്ഡ് പാർക്കിങ് ഇടങ്ങൾക്ക് പുതിയ നിയമം ബാധകമാണ്.
ഷാർജയിലെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകളിലുണ്ടായ വലിയ വളർച്ചയും ജനസാന്ദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം. രാത്രി 10 മണിക്ക് ശേഷം റസ്റ്റോറന്റുകളിലും കഫറ്റീരിയകളിലും എത്തുന്നവർക്കും സീസണൽ സബ്‌സ്‌ക്രിപ്ഷൻ ഉള്ളവർക്കും പാർക്കിങ് ലഭിക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിട്ടിരുന്നു. അനാവശ്യ പാർക്കിങ്ങും നിയമലംഘനങ്ങളും തടയാനും വാണിജ്യ മേഖലകളിൽ കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അവസരമൊരുക്കാനും പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്ന് പബ്ലിക് പാർക്കിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഹമീദ് അൽ ഖായിദ് വ്യക്തമാക്കി.
അതേസമയം, നിലവിലുള്ള വ്യവസ്ഥ പ്രകാരം വെള്ളിയാഴ്ചകളിലും ഔദ്യോഗിക പൊതുഅവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. എന്നാൽ ആഴ്ചയിൽ 7 ദിവസവും ഫീസ് ബാധകമാക്കിയിട്ടുള്ള പ്രത്യേക പാർക്കിങ് സോണുകളിൽ ഈ ഇളവ് ലഭിക്കില്ല. സമയപരിധി നീട്ടിയെങ്കിലും സീസണൽ സബ്‌സ്‌ക്രിപ്ഷൻ തുകയിൽ മാറ്റമുണ്ടാകില്ലെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. എസ്.എം.എസ് വഴിയോ ഡിജിറ്റൽ ഷാർജ ആപ്പ് വഴിയോ പൊതുജനങ്ങൾക്ക് പാർക്കിങ് ഫീസ് കൃത്യമായി അടയ്ക്കാം.
Content Highlights: Authorities in Sharjah have revised public parking regulations by extending paid parking hours starting July 1. The new rule is expected to enhance parking availability, improve traffic management, and streamline urban mobility for residents and visitors.