യുഎഇയിൽ ശക്തമായ മഴ; കിഴക്കൻ മേഖലകളിൽ ഓറഞ്ച് അലർട്ട്, ജാ​ഗ്രതാ നിർദ്ദേശവുമായി അധികൃതർ

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷവും കിഴക്കൻ, തെക്കൻ മേഖലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം

യുഎഇയിൽ ശക്തമായ മഴ; കിഴക്കൻ മേഖലകളിൽ ഓറഞ്ച് അലർട്ട്, ജാ​ഗ്രതാ നിർദ്ദേശവുമായി അധികൃതർ
dot image

യുഎഇയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ. കിഴക്കൻ മേഖലയിലെ തോക്ക റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് ബുധനാഴ്ച വൈകുന്നേരത്തോടെ ശക്തമായ മഴ പെയ്തത്. വരും ദിവസങ്ങളിലും രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ മഴയും കാറ്റും തുടരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡ്രൈവർമാരും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രൂപപ്പെട്ട കാർമേഘങ്ങളെത്തുടർന്നാണ് കിഴക്കൻ മേഖലകളിൽ കനത്ത മഴ പെയ്തത്. യുഎഇ സ്റ്റോം സെന്റർ മഴയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ അൽ ദഫ്ര മേഖലയിലെ ബദാ ദഫാസിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 24 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച ഭൂപടത്തിൽ കിഴക്കൻ മേഖലകളെ 'ഓറഞ്ച്' അലർട്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അപായസാധ്യതയുള്ള കാലാവസ്ഥയാണിതെന്ന സൂചനയാണിത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷവും കിഴക്കൻ, തെക്കൻ മേഖലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ് പടിഞ്ഞാറൻ മേഖലകളിൽ കനത്ത പൊടിക്കാറ്റിന് കാരണമാകും. ഇത് റോഡിലെ കാഴ്ചപരിധി വലിയ തോതിൽ കുറയ്ക്കും. അതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വാഹനങ്ങളുമായി പുറത്തിറങ്ങണമെന്നും, ഹെഡ്‌ലൈറ്റുകൾ തെളിയിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കണമെന്നും ട്രാഫിക് അധികൃതർ ഡ്രൈവർമാർക്ക് കർശന നിർദ്ദേശം നൽകി.

അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും വരും ദിവസങ്ങളിൽ തിരമാലകൾ ശക്തമാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. വെള്ളിയാഴ്ച രാത്രിയോടെ അന്തരീക്ഷത്തിൽ ഈർപ്പം കൂടുകയും ശനിയാഴ്ച പുലർച്ചെയോടെ തീരദേശ-ഉൾനാടൻ മേഖലകളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യും. ഔദ്യോഗിക മാധ്യമങ്ങളിലൂടെ വരുന്ന അറിയിപ്പുകൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥാ കേന്ദ്രം അഭ്യർത്ഥിച്ചു.

Content Highlights: The UAE is experiencing heavy rainfall, prompting authorities to issue an orange alert in several eastern regions. Residents and motorists have been urged to exercise caution, avoid flood-prone areas, and stay updated with official weather advisories as adverse weather conditions continue.

dot image
To advertise here,contact us
dot image