

പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തിനും വിവിധ ആഘോഷങ്ങൾക്കും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ ഒരുങ്ങി ദുബായ്. ലോകത്തിലെ ഏറ്റവും സവിശേഷവും മാന്യവുമായ നഗരമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരം. ദുബായ് സിവിലിറ്റി കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്.
പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ വ്യക്തമാക്കുന്ന 'ദുബായ് സിവിലിറ്റി ഗൈഡ്‌ബുക്കും', വിവിധ ആഘോഷങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട ഉത്തരവാദിത്തങ്ങളും മൂല്യങ്ങളും ഓർമ്മിപ്പിക്കുന്ന 'ആഘോഷങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും' ഉടൻ പുറത്തിറക്കും. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം തന്നെ നഗരത്തിലെ താമസക്കാരുടെയും സന്ദർശകരുടെയും പോസിറ്റീവ് പെരുമാറ്റത്തിലൂടെ ദുബായുടെ അന്തസ്സ് ഉയർത്താനാണ് മന്ത്രാലയങ്ങളുടെ സംയുക്ത നീക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിന് അനുസരിച്ചാണ് പദ്ധതികൾ തയ്യാറാക്കുന്നത്.
പൊതു പെരുമാറ്റച്ചട്ടങ്ങൾക്ക് പുറമെ, ദുബായുടെ ഭംഗി കൂട്ടുന്നതിനായി ഒരു സംയോജിത ലൈറ്റിംഗ് തന്ത്രവും കമ്മിറ്റി വിലയിരുത്തി. നഗരത്തിന്റെ രാത്രികാല ദൃശ്യങ്ങൾക്ക് കൂടുതൽ ഏകീകൃത സ്വഭാവവും ഭംഗിയും നൽകാൻ ഇത് സഹായിക്കും. ദുബായ് സിവിലിറ്റി കമ്മിറ്റി ചെയർമാൻ മുഹമ്മദ് അബ്ദുള്ള അൽ ഗെർഗാവിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പദ്ധതികൾ പ്രഖ്യാപിച്ചത്.
ആർടിഎ മേധാവി മത്തർ അൽ തായർ, ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ വർഷമാണ് ഈ പ്രത്യേക സിവിലിറ്റി കമ്മിറ്റി രൂപീകരിച്ചത്.
Content Highlights: Dubai authorities have issued a set of guidelines on conduct in public spaces as part of efforts to make the city more livable and welcoming. The initiative encourages residents and visitors to follow responsible behaviour, respect shared spaces, and contribute to a positive community environment.