ധവളപത്രം: 'സതീശനില്‍ ഇന്ന് കണ്ടത് നരസിംഹ റാവുവിനെയും മോദിയെയും'; വിമര്‍ശനവുമായി എ എ റഹീമും വി കെ സനോജും

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്കെതിരെ റഹീമും സനോജും വിമര്‍ശനം ഉന്നയിച്ചു

ധവളപത്രം: 'സതീശനില്‍ ഇന്ന് കണ്ടത് നരസിംഹ റാവുവിനെയും മോദിയെയും'; വിമര്‍ശനവുമായി എ എ റഹീമും വി കെ സനോജും
dot image

തിരുവനന്തപുരം: ധവളപത്രവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി എ എ റഹീം എംപിയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎയും. സതീശന്‍ പറയുന്നത് താന്‍ നെഹ്‌റുവിയൻ ലെഫ്റ്റ് ആണെന്നാണെന്നും എന്നാല്‍ ഇന്ന് കണ്ടത് റാവുവിയന്‍ റൈറ്റിനെയാണെന്നും റഹീം പറഞ്ഞു. നരസിംഹ റാവുവിനെയും നരേന്ദ്ര മോദിയെയുമാണ് സതീശനില്‍ ഇന്ന് കണ്ടെതെന്നും എ എ റഹീം പറഞ്ഞു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ധവളപത്രത്തില്‍ ശുപാർശയുണ്ട്. പഴയ രീതിയിലേക്ക് യുഡിഎഫ് പോയാല്‍ വലിയ യുവജന സമരങ്ങള്‍ കാണേണ്ടി വരും. കരാര്‍വത്കരണം സാര്‍വ്വത്രികമായി മാറ്റാനാണ് നീക്കം. കേരളത്തിന്റെ നേട്ടങ്ങളെ അപായപ്പെടുത്തുന്നതാണ് ധവളപത്രത്തിന്റെ ശുപാര്‍ശകളെന്നും റഹീം കുറ്റപ്പെടുത്തി.

ധവളപത്രം പല മേഖലയിലും ഉയര്‍ത്തിയത് കടുത്ത ആശങ്കയാണെന്നായിരുന്നു വി കെ സനോജ് പറഞ്ഞത്. ചെറുപ്പക്കാരുടെ തൊഴില്‍ എന്ന സ്വപ്നം തകര്‍ക്കുന്നതാണ് ധവളപത്രത്തിലെ ശുപാര്‍ശകള്‍. പിഎസ്‌സി സംവിധാനം വഴിയാണ് പലരും തൊഴില്‍ കണ്ടെത്തുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ഇതിനുള്ള തയ്യാറെടുപ്പിലാണ്. അവരുടെയെല്ലാം തലയില്‍ ഇടിത്തീവീണ പോലെയായി പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം എന്ന നിര്‍ദ്ദേശമെന്നും സനോജ് പറഞ്ഞു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെങ്കിൽ യുവജന പ്രക്ഷോഭത്തിന് നാട് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും സനോജ് പറഞ്ഞു. യുവജനങ്ങളെ ആകെ അണിനിരത്തിക്കൊണ്ട് പ്രതിഷേധം ഡിവൈഎഫ്‌ഐ നടത്തും. യുവാക്കളോടുള്ള വഞ്ചനാപരമായ സമീപനമാണ് സര്‍ക്കാരിന്റേത്. സര്‍ക്കാര്‍ ജീവനക്കാരെ ഉള്‍പ്പെടെ ഇത് ബാധിക്കും. പെന്‍ഷന്‍ പ്രായം വര്‍ധിക്കുന്നതോടെ പ്രമോഷന്‍ സാധ്യത ഇല്ലാതാകും. കഴിഞ്ഞ 10 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തി. ഏറ്റവും അധികം ആളുകള്‍ക്ക് പിഎസ്‌സി വഴി ജോലി ലഭിച്ചത് കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണെന്നും വി കെ സനോജ് പറഞ്ഞു.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്കെതിരെ റഹീമും സനോജും വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ജെന്‍സിയെ പറ്റിച്ചുവെന്ന് റഹീ പറഞ്ഞു. വാക്കിനല്ല, വോട്ടിനാണ് മുഖ്യമന്ത്രി വില നല്‍കിയത്. താന്‍ പൂക്കി മുഖ്യമന്ത്രിയാണെന്നാണ് സതീശന്‍ തന്നെ പറയുന്നത്. ഇപ്പോള്‍ കമന്റ് ബോക്‌സില്‍ ചെറുപ്പക്കാര്‍ അക്ഷരം മാറ്റി വിളിക്കുകയാണ്. മോഡിഫിക്കേഷനില്‍ സത്യം യുവാക്കള്‍ മനസിലാക്കിയെന്നും റഹീം പറഞ്ഞു. പൂക്കി സിഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയെന്നായിരുന്നു സനോജിന്റെ വിമര്‍ശനം. മോഡിഫിക്കേഷന്‍ ആവശ്യം പോലെ നടത്താം എന്നായിരുന്നു ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നത് സ്റ്റിയറിംഗിളും മാറ്റിലും മോഡിഫിക്കേഷന്‍ നടത്താമെന്നാണ്. ഇതില്‍ എവിടെ ആണ് മോഡിഫിക്കേഷന് അനുവാദമെന്നും സനോജ് ചോദിച്ചു.

Content Highlights- CPI(M) leaders A A Rahim and V K Sanoj criticized Opposition Leader V D Satheesan over his remarks during discussions related to the white paper in the Kerala Assembly

dot image
To advertise here,contact us
dot image