ദുബായില്‍ പ്രോപ്പര്‍ട്ടി നിക്ഷേപകരുടെ താമസ വിസ നിയമങ്ങളിൽ മാറ്റം; കുറഞ്ഞ നിക്ഷേപ പരിധി ഒഴിവാക്കി

ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് വസ്തു വാങ്ങിയതാണെങ്കില്‍, ഓരോ പങ്കാളിക്കും ചുരുങ്ങിയത് നാല് ലക്ഷം ദിര്‍ഹം വിഹിതം ഉണ്ടായിരിക്കണം

ദുബായില്‍ പ്രോപ്പര്‍ട്ടി നിക്ഷേപകരുടെ താമസ വിസ നിയമങ്ങളിൽ മാറ്റം; കുറഞ്ഞ നിക്ഷേപ പരിധി ഒഴിവാക്കി
dot image

ദുബായില്‍ പ്രോപ്പര്‍ട്ടി നിക്ഷേപകര്‍ക്കുള്ള റെസിഡന്‍സി വിസ നിയമങ്ങള്‍ പരിഷ്‌കരിച്ചു. വ്യക്തിഗത നിക്ഷേപകര്‍ക്കുള്ള 7.5 ലക്ഷം ദിര്‍ഹം എന്ന കുറഞ്ഞ നിക്ഷേപ പരിധി ഒഴിവാക്കി. ഒന്നിലധികം ഉടമകളുള്ള പ്രോപ്പര്‍ട്ടി നിക്ഷേപകര്‍ക്ക് പുതിയ നിബന്ധനകളും പ്രഖ്യാപിച്ചു. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള 'ക്യൂബ് സെന്റര്‍' ആണ് നിക്ഷേപകര്‍ക്കുള്ള പുതുക്കിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ദുബായില്‍ വസ്തുവകകള്‍ വാങ്ങുന്ന നിക്ഷേപകര്‍ക്കുള്ള രണ്ട് വര്‍ഷത്തെ റസിഡന്‍സി വിസ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

വ്യക്തിഗത നിക്ഷേപകര്‍ക്ക് വിസ ലഭിക്കുന്നതിനായി നേരത്തെ ഉണ്ടായിരുന്ന 7.5 ലക്ഷം ദിര്‍ഹം എന്ന കുറഞ്ഞ നിക്ഷേപ പരിധി ഒഴിവാക്കി എന്നതാണ് സുപ്രധാന മാറ്റം. എന്നാല്‍ അപേക്ഷകന്‍ വസ്തുവിന്റെ ഏക ഉടമയായിരിക്കണം. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് വസ്തു വാങ്ങിയതാണെങ്കില്‍, ഓരോ പങ്കാളിക്കും ചുരുങ്ങിയത് നാല് ലക്ഷം ദിര്‍ഹം വിഹിതം ഉണ്ടായിരിക്കണം. ബാങ്ക് ലോണ്‍ എടുത്തോ ഇന്‍സ്റ്റാള്‍മെന്റ് വഴിയോ ആണ് വസ്തു വാങ്ങിയതെങ്കില്‍ ബാങ്കില്‍ നിന്നോ ഡെവലപ്പറില്‍ നിന്നോ ഉള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇതില്‍ ഇതുവരെ അടച്ച തുക, ബാക്കിയുള്ള തുക എന്നിവ വ്യക്തമാക്കണം.

കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് വിവിധ രേഖകളും നിക്ഷേപകര്‍ ഹാജരാക്കണം. ടൈറ്റില്‍ ഡീഡാണ് അതില്‍ പ്രധാനം. ഇതിനായി ദുബായില്‍ നിന്നുള്ള പ്രോപ്പര്‍ട്ടി രേഖകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ടൈറ്റില്‍ ഡീഡിലെ പേരും പാസ്‌പോര്‍ട്ടിലെ പേരും ഒന്നുതന്നെയായിരിക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കുറഞ്ഞത് 6 മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടിന്റെ കോപ്പി ഹാജരാക്കണം, എമിറേറ്റ്‌സ് ഐഡി, ഡിജിറ്റല്‍ ഫോട്ടോ എന്നിവയും നല്‍കണം. യുഎഇയിലെ അംഗീകൃത കമ്പനികളില്‍ നിന്നുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. ദുബായ് പൊലീസില്‍ നിന്ന് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേരില്‍ ലഭിച്ച ഗുഡ് കണ്ടക്ട് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights: Dubai has introduced major changes to residency visa rules for property investors by removing the minimum investment threshold. The move is expected to make investor residency visas more accessible and attract more foreign investment into the real estate sector. Officials believe the revised policy will strengthen Dubai’s position as a global investment hub and boost long-term property market growth.

dot image
To advertise here,contact us
dot image