

കൊച്ചി: ആരാകണം കേരളാ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പിണറായി വിജയന് മുന്‍തൂക്കം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ 33 ശതമാനം പേർ പിണറായി വിജയനാണ് മുന്‍തൂക്കം നൽകുന്നത്. യുഡിഎഫ് നേതാക്കളില്‍ വി ഡി സതീശനാണ് മുന്‍തൂക്കം. 21 ശതമാനം പേര്‍ വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ എട്ട് ശതമാനം പേര്‍ മാത്രമാണ് നിര്‍ദേശിക്കുന്നത്. മൂന്നാമതെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ മൂന്ന് ശതമാനം പേരും ശശി തരൂര്‍ എംപിയെ ഒരു ശതമാനം പേരും മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്.
എൽഡിഎഫ് നേതാക്കളില്‍ കെ കെ ശൈലജയെ 2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നുണ്ട്. എന്‍ഡിഎ നേതാക്കളില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ നാല് ശതമാനം പേര്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്.
അതേസമയം കേരളത്തില്‍ യുഡിഎഫിന് ഭരണം പ്രവചിക്കുന്നതാണ് മുഴുവന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും. 140 നിയമസഭാ സീറ്റില്‍ യുഡിഎഫ് 70 മുതല്‍ 80 വരെ സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് CNN-News18 എക്‌സിറ്റ് പോള്‍ പ്രവചനം. എല്‍ഡിഎഫ് 58 മുതല്‍ 68 വരെ സീറ്റ് നേടുമെന്നും ബിജെപിക്ക് നാല് വരെ സീറ്റ് നേടുമെന്നും CNN-News18 പ്രവചിക്കുന്നു.
യുഡിഎഫ് 78 മുതല്‍ 90 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനം. എല്‍ഡിഎഫിന് 49 മുതല്‍ 62 സീറ്റുകളാണ് ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചനം. ബിജെപി മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.
എന്‍ഡിടിവിയുടെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം കേരളത്തില്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിക്കുന്നു. 75 മുതല്‍ 85 സീറ്റുകള്‍ വരെ യുഡിഎഫിന് ലഭിക്കുമെന്നാണ് എന്‍ഡിടിവി എക്സിറ്റ് പോള്‍ പ്രചവിക്കുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ബിജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും പ്രവചിക്കുന്നു.
യുഡിഎഫ് 70 സീറ്റിന് മുകളില്‍ നേടി അധികാരത്തിലെത്തുമെന്നാണ് മാട്രിസ് എക്‌സിറ്റ് പോളും പ്രവചിക്കുന്നത്. യുഡിഎഫിന് 75 മുതല്‍ 85 സീറ്റ് വരെ പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 60മുതല്‍65 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.
പീപ്പിള്‍സ് പള്‍സ് സര്‍വ്വേയും കേരളത്തില്‍ യുഡിഎഫിന് അനുകൂല സീറ്റ് നിലയാണ് പ്രവചിക്കുന്നത്. പീപ്പിള്‍സ് പള്‍സ് യുഡിഎഫിന് 75 മുതല്‍ 85 സീറ്റുകള്‍ വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും ബിജെപിക്ക് മൂന്ന് സീറ്റുകള്‍ വരെയുമാണ് പ്രവചിക്കുന്നത്.
ടൈംസ് നൗ ജെവിസിയും കേരളത്തില്‍ യുഡിഎഫിന് വിജയം പ്രവചിക്കുന്നു. യുഡിഎഫിന് 72 മുതല്‍ 84വരെ സീറ്റുകളാണ് ടൈംസ് നൗ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 52 മുതല്‍ 61 സീറ്റുകള്‍ വരെയും ബിജെപിക്ക് മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളും ട്രൈംസ് നൗ പ്രവചിക്കുന്നു.
ജേര്‍ണോ മിറര്‍ ഏജന്‍സി കേരളത്തില്‍ യുഡിഎഫിന് 65 മുതല്‍ 80 വരെയും എല്‍ഡിഎഫിന് 55 മുതല്‍ 65 വരെയും എന്‍ഡിഎയ്ക്ക് അഞ്ച് സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.
പീപ്പിള്‍സ് ഇന്‍സൈറ്റ് യുഡിഎഫിന് 66മുതല്‍ 76സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ എല്‍ജിഎഫിന് 58 മുതല്‍ 68 സീറ്റുകള്‍ വരെയും ബിജെപിക്ക് 10 മുതല്‍ 14 സീറ്റുകള്‍ വരെയും പ്രവചിക്കുന്നു.
Content Highlights: Pinarayi Vijayan Leads CM Preference Said Axis My India