

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുന്നത് കണക്കിലെടുത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കണമെന്നാണ് തൊഴില്‍ മന്ത്രാലയം മുന്നോട്ടുവച്ച പ്രധാന ആവശ്യം. തൊഴിലാളികള്‍ കടുത്ത വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ജോലി സമയം പുനക്രമീകരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് മന്ത്രാലയം നിര്‍ദേശിച്ചു.
ഉച്ചസമയത്തെ കടുത്ത ചൂടില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കി അതിരാവിലെയോ വൈകുന്നേരമോ ഷിഫ്റ്റുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. തൊഴിലാളികള്‍ക്ക് കുടിവെള്ളം തടസ്സമില്ലാതെ ലഭ്യമാക്കണം. തൊഴിലിടങ്ങളില്‍ തണലുള്ള വിശ്രമകേന്ദ്രങ്ങളും തണുപ്പ് ഉറപ്പാക്കുന്ന സംവിധാനങ്ങളും ഒരുക്കണം. നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്കായി ഐസ് പാക്കുകളും ഉഷ്ണരോഗങ്ങള്‍ തടയാനുള്ള പ്രാഥമിക ചികിത്സാ സാമഗ്രികളും കരുതണം. ജോലിഭാരം കുറയ്ക്കുന്നതിനായി കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കാനും നിര്‍ദേശമുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ക്കും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹീറ്റ് സ്‌ട്രോക്ക് മാനേജ്മെന്റ് യൂണിറ്റുകള്‍ സജ്ജമാക്കണം, ആംബുലന്‍സ് സേവനങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും ആവശ്യത്തിന് ജീവനക്കാരുണ്ടെന്നും ഉറപ്പാക്കുക, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്ക് കൃത്യസമയത്ത് എത്തിക്കുക, തൊഴിലാളികള്‍ക്കായി പതിവായി ആരോഗ്യ പരിശോധനകള്‍ സംഘടിപ്പിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചീഫ് ലേബര്‍ കമ്മീഷണര്‍മാരും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മൈന്‍ സേഫ്റ്റിയും പരിശോധന നടത്തണം. സ്വീകരിച്ച നടപടികളെക്കുറിച്ച് ഓരോ രണ്ടാഴ്ച കൂടുമ്പോഴും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ദിവസം ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇത് തൊഴിലാളികളുടെ ആരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുമെന്നത് കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍.
Content Highlights: India's Union labour and health ministries have issued urgent heat-wave advisories. States and union territories must ensure adequate rest and cooling for outdoor and factory workers. Measures to prevent and manage heat stroke cases are also directed. Dedicated heat stroke units will be set up in health facilities. Early warnings will be disseminated to communities.