പെട്രോളിനും ഡീസലിനും ബദലാകാന്‍ എഥനോള്‍? ഇന്ത്യ പുതിയ ഇന്ധന യുഗത്തിലേക്ക്

എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ കരിമ്പ് പോലുള്ള കാര്‍ഷിക വിളകളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു

പെട്രോളിനും ഡീസലിനും ബദലാകാന്‍ എഥനോള്‍? ഇന്ത്യ പുതിയ ഇന്ധന യുഗത്തിലേക്ക്
dot image

പെട്രോള്‍, ഡീസല്‍ പോലുള്ള പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ക്ക് മുന്‍ഗണന കുറയുന്ന പോസ്റ്റ്-പെട്രോള്‍ യുഗത്തിലേക്ക് ഇന്ത്യ ചുവടുവെക്കുകയാണ്. ഇന്ത്യയുടെ ഇന്ധന സമ്പദ്വ്യവസ്ഥ ഒരു ഘടനാപരമായ മാറ്റത്തിന്റെ പാതയിലാണെന്ന് സമീപകാലത്തെ സര്‍ക്കാര്‍ നയങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നു. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ഇനി ഭാവിയില്ലെന്നും, എഥനോള്‍, ഹൈഡ്രജന്‍, വൈദ്യുതി തുടങ്ങിയ ബദല്‍ മാര്‍ഗങ്ങളിലേക്ക് അതിവേഗം മാറണമെന്നുമുള്ള കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം ശ്രദ്ധേയമായിരുന്നു ബസ് വേള്‍ഡ് ഇന്ത്യ ഉച്ചകോടിയിലായിരുന്നു വാഹന നിര്‍മാതാക്കളോട് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്.

ഇതിന് പിന്നാലെ ഇന്ധനങ്ങളില്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തുന്ന E85, E100 എന്നിവയ്ക്ക് റോഡ് ഗതാഗത മന്ത്രാലയം ഔദ്യോഗിക അംഗീകാരം നല്‍കുകയും ചെയ്തു. ഈ മാറ്റം പെട്ടെന്നുണ്ടായ ഒന്നല്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. 2025ഓടെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചിട്ടുണ്ട്. 100 ശതമാനം എതനോള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്കായി ലക്ഷക്കണക്കിന് കോടി രൂപയാണ് ഓരോ വര്‍ഷവും ചെലവാകുന്നത്. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ ഈ ഭീമമായ തുക ലാഭിക്കാമെന്നതാണ് ആദ്യത്തെ കാരണം. പരിസ്ഥിതി സംരക്ഷണമാണ് മറ്റൊന്ന്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിലൂടെ മലിനീകരണം നിയന്ത്രിക്കാന്‍ എഥനോള്‍ സഹായിക്കും. ആഗോള വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്നതാണ് മൂന്നാമത്തെ കാരണം.

E85 അല്ലെങ്കില്‍ E100 പോലുള്ള ഇന്ധനങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ വാഹനങ്ങളുടെ എന്‍ജിനുകളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ സാധാരണമാണെങ്കിലും ഇന്ത്യയില്‍ ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ വികസിപ്പിച്ചു വരുന്നതേയുള്ളൂ. സര്‍ക്കാര്‍ നയങ്ങള്‍ക്കൊപ്പം വാഹന നിര്‍മാതാക്കളും ഇന്ധന വിതരണക്കാരും ഒരുപോലെ സഹകരിച്ചാല്‍ മാത്രമേ ഈ മാറ്റം വിജയിക്കൂ.

അതേസമയം എഥനോള്‍ ഉപയോഗിക്കുമ്പോള്‍ മൈലേജ് നേരിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ, എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ കരിമ്പ് പോലുള്ള കാര്‍ഷിക വിളകളെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ഇത് ഭക്ഷ്യസുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പഴയ വാഹനങ്ങള്‍ ഉയര്‍ന്ന എഥനോള്‍ ഇന്ധനങ്ങളുമായി പൊരുത്തപ്പെടാത്തത് വിപണിയില്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. എഥനോള്‍ കൂടാതെ ഹൈഡ്രജന്‍ ഇന്ധനത്തിലും ഇലക്ട്രിക് വാഹനങ്ങളിലും സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ട്. സിഎന്‍ജി, എല്‍എന്‍ജി എന്നിവയും ഈ മാറ്റത്തിന്റെ ഭാഗമായി നിലനില്‍ക്കും.

Content Highlights: India is accelerating its move away from petrol and diesel, signaling a post-fossil fuel era for transport. Driven by economic, environmental, and geopolitical factors, the nation is embracing alternatives like ethanol, hydrogen, and electricity. Policy shifts, including formal recognition of high-ethanol fuels, pave the way for this significant transition, impacting consumers and the auto industry.

dot image
To advertise here,contact us
dot image