പശ്ചിമേഷ്യൻ സംഘർഷം; ദുബായ് ന​ഗരത്തിൽ ജനജീവിതം സാധാരണ നിലയിലെന്ന് വ്യക്തമാക്കി അധികൃതർ

യുഎഇയെ ലക്ഷ്യമാക്കി ഇടവിട്ടുള്ള ആക്രമണങ്ങള്‍ ഇറാന്‍ തുടരുന്നുണ്ടെങ്കിലും പൂര്‍ണമായും സാധാരണ നിലയിലാണ് ദുബായിലെ ജനജീവിതം

പശ്ചിമേഷ്യൻ സംഘർഷം; ദുബായ് ന​ഗരത്തിൽ ജനജീവിതം സാധാരണ നിലയിലെന്ന് വ്യക്തമാക്കി അധികൃതർ
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും ദുബായ് നഗരത്തിലെ ജനജീവിതം സാധാരണ നിലയിലാണെന്ന് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ്. വിമാന സര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. സന്ദര്‍കുടെയും താമസക്കാരുടെയും സുരക്ഷയാണ് പ്രധാനമെന്നും സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി.

യുഎഇയെ ലക്ഷ്യമാക്കി ഇടവിട്ടുള്ള ആക്രമണങ്ങള്‍ ഇറാന്‍ തുടരുന്നുണ്ടെങ്കിലും പൂര്‍ണമായും സാധാരണ നിലയിലാണ് ദുബായിലെ ജനജീവിതം. പൊതുസേവനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ അധികൃതര്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. നഗരത്തിലെ സുരക്ഷയും സേവനങ്ങളും സാധാരണ രീതിയില്‍ തുടരുന്നതിനാല്‍ സന്ദര്‍ശകരും താമസക്കാരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

യാത്രാ തടസ്സങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന വിനോദസഞ്ചാരികള്‍ക്ക് സഹായം നല്‍കാന്‍ ഹോട്ടലുകളോടും ടൂറിസം സ്ഥാപനങ്ങളോടും സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് ആവശ്യപ്പെട്ടു. ആവശ്യമായ സാഹചര്യങ്ങളില്‍ താമസസൗകര്യം നീട്ടി നല്‍കുന്നതടക്കമുള്ള പിന്തുണയും ഉറപ്പാക്കാണം. ഹോട്ടലുകളും ടൂറിസം കമ്പനികളും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രമേ പിന്തുടരാവൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വിമാന സര്‍വീസുകളും ക്രമേണെ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

വിവിധ വിമാനക്കമ്പനികള്‍ അവരുടെ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചു തുടങ്ങിയിട്ടുണ്ട്. എമിറേറ്റ്‌സ്, ഫ്‌ലൈ ദുബായ് തുടങ്ങിയ എയര്‍ലൈന്‍സുകള്‍ സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. അധികം വൈകാതെ നൂറ് ശതമാനം ശേഷിയിലേക്ക് എത്താനാണ് ശ്രമം. അതേ സമയം എയര്‍ലൈനുകളില്‍ നിന്ന് അറിയിപ്പ് ലഭിച്ച ശേഷം മാത്രമെ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടാവൂവെന്ന് വിമാന കമ്പനികള്‍ കൂട്ടിച്ചേർത്തു. എയര്‍ലൈനുകളുടെ വെബ്‌സൈറ്റുകള്‍ പരിശോധിച്ച് സമയം ഉറപ്പാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Authorities say daily life in Dubai remains normal despite the ongoing West Asia conflict. Officials assure residents and visitors that the situation in the city is stable

dot image
To advertise here,contact us
dot image