

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിച്ച് ദിവസങ്ങള്‍ക്കകം പ്രമുഖ റെഫറി സ്ലാവ്‌കോ വിന്‍സിച്ച് തന്റെ റഫറിയിങ് കരിയര്‍ അവസാനിപ്പിു. കരിയറിന്റെ ഏറ്റവും ഉയര്‍ന്ന നേട്ടത്തില്‍ നില്‍ക്കുമ്പോഴാണ് 46-കാരനായ വിന്‍സിച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്ലോവേനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സ്‌പെയിനും അര്‍ജന്റീനയും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം നിയന്ത്രിച്ച സ്ലാവ്‌കോ വിന്‍സിച്ച്, ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന ആദ്യ സ്ലോവേനിയന്‍ റഫറിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒഫീഷ്യലുകളില്‍ ഒരാളായിട്ടാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.
'യു.എസ്.എയില്‍ നടന്ന ലോകകപ്പ് ഫൈനലിന് ഒരു ആഴ്ചയ്ക്ക് ശേഷം, ലോകത്തിന്റെ നെറുകയില്‍ നില്‍ക്കെ സ്ലാവ്‌കോ വിന്‍സിച്ച് തന്റെ ചരിത്രപരമായ റഫറിയിങ് കരിയര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുന്നു.' -സ്ലോവേനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മികച്ച റഫറയിങ്ങിന്റെ അടിസ്ഥാനത്തില്‍ ഈയിടെ അദ്ദേഹത്തിന് IFFHS പുരസ്‌കാരം ലഭിച്ചിരുന്നു. മൂന്ന് യൂറോപ്പ ലീഗ് ഫൈനലുകളുടെ ഭാഗമായിരുന്ന വിന്‍സിച്ച് 2022-ല്‍ ഫ്രാങ്ക്ഫര്‍ട്ടും റേഞ്ചേഴ്‌സും തമ്മിലുള്ള കലാശപ്പോരാട്ടം നിയന്ത്രിച്ചു. 2024-ല്‍ റയല്‍ മഡ്രിഡും ബൊറൂസിയ ഡോര്‍ട്മുണ്ടും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം നിയന്ത്രിച്ച പരിചയസമ്പത്താണ് ലോകകപ്പ് ഫൈനലിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായകമായത്. ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് വിന്‍സിച്ച് കണ്ണീരണിഞ്ഞത് വൈറലായിരുന്നു.
ഈ ലോകകപ്പില്‍ നോക്കൗട്ട് റൗണ്ടിലെ എക്വഡോര്‍-മെക്‌സിക്കോ പോരാട്ടം ഉള്‍പ്പെടെ മൂന്ന് മത്സരങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചിരുന്നു. മെക്‌സിക്കന്‍ കളിക്കാരനോട് തര്‍ക്കിക്കുന്നതിനിടെ വായ പൊത്തി സംസാരിച്ച പിയറോ ഹിന്‍കാപ്പിയെ അദ്ദേഹം റെഡ് കാര്‍ഡ് നല്‍കി പുറത്താക്കിയിരുന്നു. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍, രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിനും വിന്‍സിച്ച് റെഡ് കാര്‍ഡ് കാണിച്ചു. മത്സരശേഷം ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ വന്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. മത്സരത്തിന് ശേഷം റഫറിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായെങ്കിലും കളിക്കാരെ പിരിച്ചുവിടാന്‍ അദ്ദേഹം പരിശ്രമിച്ചു. കരിയറിന്റെ ഏറ്റവും വലിയ വിജയത്തിന് തൊട്ടുപിന്നാലെയാണ് വിന്‍സിച്ച് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
content highlights: Referee Retires After Final: Slavko Vinčić Steps Down From Officiating