

ഇഫ്താറിന് ശേഷം റെസിഡന്‍ഷ്യല്‍ മേഖലകളില്‍ മോട്ടോര്‍ സൈക്കിളുകളും വിനോദ ബൈക്കുകളും ഓടിച്ച് അപകടമുണ്ടാക്കുന്ന കൗമാരക്കാര്‍ക്കെതിരെ നടപടിയുമായി ദുബായ് പൊലീസ്. കുട്ടികള്‍ പൊതുറോഡുകളിലോ താമസ മേഖലകളിലോ ബൈക്ക് ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിയമ ലംഘകരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
റമദാന്‍ മാസത്തില്‍ ഇഫ്ത്താറിന് ശേഷമുള്ള സമയങ്ങളില്‍ റെസിഡന്‍ഷ്യല്‍ മേഖലകളില്‍ മോട്ടോര്‍ ബൈക്കുകളും വിനോദ ബൈക്കുകളും ഓടിക്കുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ദുബായ് പൊലീസ്. ഇത്തരത്തിലുളള അപകടകരമായ പെരുമാറ്റം കാല്‍നട യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഇതിന് പുറമെ സമാധാന പരമായ കുടുംബാന്തരീക്ഷത്തിനും ഇത്തരക്കാര്‍ തടസം സൃഷ്ടിക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അപകടസാധ്യതകള്‍ തിരിച്ചറിയാതെയുമാണ് പല യുവാക്കളും ബൈക്കുകളുമായി തെരുവിലിറങ്ങുന്നതെന്ന് ദുബായ് പൊലിസ് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി പറഞ്ഞു. ബൈക്കുകള്‍ അപകടത്തില്‍ പെടാനും കാല്‍നടയാത്രക്കാരെ ഇടിക്കാനും സാധ്യതയേറെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ജനവാസ മേഖലകളില്‍ പൊലിസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
നിയമം ലംഘിക്കുന്നവരുടെ ബൈക്കുകള്‍ പിടിച്ചെടുക്കാനാണ് തീരുമാനം. രക്ഷിതാക്കളെ നേരിട്ട് വിളിച്ചുവരുത്തി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ കുട്ടികള്‍ പൊതുറോഡുകളിലോ താമസസ്ഥ മേഖലകളിലോ ബൈക്ക് ഉപയോഗിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് താമസക്കാരാടും പൊലീസ് അഭ്യര്‍ത്ഥിച്ചു. പൊലീസിന്റെ ടോള്‍ ഫ്രീ നമ്പര്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വിവരങ്ങള്‍ കൈമാറാനാകും.
Content Highlights: Dubai Police Warns of Two Wheeler Accidents in Residential Areas After Iftar