

അന്താരാഷ്ട്ര യാത്രാ ശേഷിയുടെ ആഗോള റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ലണ്ടനിലെ ഹീത്രൂ, ആംസ്റ്റർഡാമിലെ ഷിഫോൾ ഉൾപ്പെടെയുള്ള വമ്പൻ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഒന്നാമതെത്തിയത്. അത്യാധുനിക സാങ്കേതികവിദ്യയും സ്മാർട്ട് യാത്രാ സംവിധാനങ്ങളുമാണ് ദുബായിയുടെ ഈ നേട്ടത്തിന് കരുത്തേകുന്നത്.
യുകെ ആസ്ഥാനമായുള്ള പ്രമുഖ ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ ഒഎജി(OAG) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ദുബായിയുടെ ഈ ചരിത്ര നേട്ടം. ജൂലൈ മാസത്തിൽ 4.35 ലക്ഷം അന്താരാഷ്ട്ര സീറ്റുകളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വാഗ്ദാനം ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വൻ വളർച്ചയാണ് ദുബായ് കൈവരിച്ചത്. 4.23 ലക്ഷം സീറ്റുകളുമായി ലണ്ടൻ ഹീത്രൂ രണ്ടാം സ്ഥാനത്തും, 3.82 ലക്ഷം സീറ്റുകളുമായി ആംസ്റ്റർഡാം ഷിഫോൾ മൂന്നാം സ്ഥാനത്തുമുണ്ട്. ഈ വർഷത്തിന്റെ തുടക്കം മുതൽ തന്നെ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ദുബായിക്ക് സാധിച്ചിരുന്നു.
വിമാനത്താവളത്തിലെ അത്യാധുനിക ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറാണ് യാത്രക്കാരുടെ ഒഴുക്ക് തടസ്സമില്ലാതെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. ജിഡിആർഎഫ്എ (General Directorate of Residency and Foreigners Affairs) യുമായി സഹകരിച്ച് നടപ്പിലാക്കിയ സ്മാർട്ട് ഗേറ്റുകൾ, ബയോമെട്രിക് അധിഷ്ഠിത പരിശോധനകൾ, തത്സമയ ബാഗേജ് ട്രാക്കിംഗ് എന്നിവ യാത്ര കൂടുതൽ വേഗത്തിലാക്കുന്നു. രേഖകൾ ഹാജരാക്കാതെ തന്നെ 6 മുതൽ 14 സെക്കൻഡിനുള്ളിൽ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന 'റെഡ് കാർപെറ്റ്' സംവിധാനവും ദുബായ് എയർപോർട്ടിന്റെ മാത്രം പ്രത്യേകതയാണ്.
കഴിഞ്ഞ വർഷം 95.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത് റെക്കോർഡ് കുറിച്ച ദുബായ് എയർപോർട്ട്, 2026-ന്റെ ആദ്യ പാദത്തിൽ മാത്രം 18.6 ദശലക്ഷം യാത്രക്കാരെയാണ് സ്വാഗതം ചെയ്തത്. ലോകോത്തര സേവനങ്ങളും വിശ്രമമില്ലാത്ത സർവീസുകളുമായി ആഗോള വ്യോമയാന മേഖലയിലെ കിരീടം വെയ്ക്കാത്ത രാജാവായി ദുബായ് കുതിപ്പ് തുടരുകയാണ്.
Content Highlight: Dubai International Airport has once again been recognised as the world's busiest international airport, reinforcing its position as a leading global aviation hub