

തിരുവനന്തപുരം: മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി.
ലൈംഗികാതിക്രമ കേസില്‍ കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും തെളിവായുണ്ടെന്നും പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സംഭവസമയത്ത് കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന പേരില്‍ തലസ്ഥാനത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി.
ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. ആരോപണം നിഷേധിച്ച് പി ടി കുഞ്ഞുമുഹമ്മദ് രംഗത്തെത്തിയിരുന്നു. ആരോടും താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞത്. മാപ്പുപറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Sexual assault case against PT Kunjumuhammed; Complainant's confidential statement recorded