നടിയെ ആക്രമിച്ച് കേസ്: വിധിയില്‍ പ്രതികരിക്കാതെ അമ്മയുടെ വനിതാ നേതൃത്വം; ശ്വേതയും കുക്കുവും യോഗശേഷം മടങ്ങി

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസില്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അമ്മ പ്രതികരിച്ചത്

നടിയെ ആക്രമിച്ച് കേസ്: വിധിയില്‍ പ്രതികരിക്കാതെ അമ്മയുടെ വനിതാ നേതൃത്വം; ശ്വേതയും കുക്കുവും യോഗശേഷം മടങ്ങി
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരിക്കാതെ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃത്വം. അമ്മ പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ വിധിയില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഓഫീസില്‍ നിന്ന് ഇരുവരും മടങ്ങുകയും ചെയ്തു. കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്നാണ് വിവരം.

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസില്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അമ്മ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.

കോടതി വിധിയില്‍ വ്യക്തിപരമായി സന്തോഷമെന്നാണ് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനര്‍ത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവര്‍ത്തകരാണ്. വിധി അമ്മയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്.

നടി ആക്രമിക്കപ്പെടുന്ന സമയത്ത് താരസംഘടനയിലെ ട്രഷറര്‍ ആയിരുന്നു ദിലീപ്. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടന എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് നടത്തിയ സംഗമത്തില്‍ ദിലീപും സംസാരിച്ചിരുന്നു. പിന്നീടാണ് ദിലീപ് സംശയ നിഴലിലേക്ക് വരുന്നതും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റിലാകുന്നതും. തുടക്കം മുതല്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സംഘടനയുടെ നേതൃനിരയിലുള്ളവര്‍ സ്വീകരിച്ചത്. ഇതോടെ പൃഥ്വിരാജ് അടക്കമുള്ള ഒരുവിഭാഗം യുവതാരങ്ങള്‍ ദിലീപിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന നിലപാട് സംഘടനയ്ക്കുള്ളില്‍ ഉയര്‍ത്തി. ആദ്യമൊക്കെ ദിലീപിന് വേണ്ടി ഉറച്ച് നിന്നെങ്കിലും അറസ്റ്റ് നടന്നതോടെ സകല പ്രതിരോധവും പൊളിഞ്ഞ് ഭാരവാഹികള്‍ക്ക് മുട്ടുമടക്ക്. അങ്ങനെയാണ് മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ താരത്തെ പുറത്താക്കാന്‍ സംഘടന തീരുമാനിക്കുന്നത്.

Content Higlights: actress Case shwetha menon and kukku parameswaran not Reacted

dot image
To advertise here,contact us
dot image