

യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷത്തിനിടെ ഫുജൈറയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വാള്‍ വീശി അക്രമം കാട്ടിയ പ്രവാസി യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ പൗരന്മാരില്‍ ഒരാള്‍ക്ക് വാള്‍കൊണ്ടുള്ള കുത്തില്‍ പരിക്കേറ്റിരുന്നു. ഇതിന് പുറമെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് 16 പേരെ അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
ഫുജൈറ അല്‍ ഫിഖൈത്തില്‍ നടന്ന യുഎഇയുടെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ ആള്‍ക്കൂട്ടത്തിനിടയില്‍ വാള്‍ വീശിയ 23-കാരിയായ മൊറോക്കന്‍ യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൊറോക്കന്‍ സ്വദേശിയായ യുവതി പിടിയിലായത്.
അപകടകരവും അനുചിതവുമായ ഈ പ്രവൃത്തി സാമൂഹിക നിയമങ്ങളുടെയും രാജ്യത്തെ നിയമ വ്യവസ്ഥയുടെയും ലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഏഷ്യന്‍ പൗരന്മാരില്‍ ഒരാള്‍ക്ക് വാള്‍കൊണ്ട് കുത്തേറ്റിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടൊപ്പം ആഘോഷങ്ങളില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ഫുജൈറ പൊലീസ് 16 പേരെ അറസ്റ്റ് ചെയ്തു. 27 വാഹനങ്ങളും പിടിച്ചെടുത്തു.
അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്, അഭ്യാസ പ്രകടങ്ങള്‍, മത്സരയോട്ടം, അനാവശ്യമായി ശബ്ദമുണ്ടാക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ മോഡിഫൈ ചെയ്യുക, തുടങ്ങിയ നിയമ ലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. അറസ്റ്റിലായവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Content Highlights: Woman detained after sword stunt during Eid Al Etihad