

സർക്കുലേഷനിൽ നിന്നും രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്ട്. 2024 -25കാലയളവിലാണ് കള്ളനോട്ടുകളിൽ വർധനവ് ഉണ്ടായതെന്ന് ധനകാര്യവകുപ്പിന്റെ സാമ്പത്തിക വിഭാഗം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-25 കാളയളവിൽ ഇറങ്ങിയ പുതിയ അഞ്ഞൂറു രൂപ നോട്ടുകളുടെ സീരീസിലാണ് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്. 1,17,722 ആയാണ് കള്ളനോട്ടുകളുടെ എണ്ണം ഉയർന്നത്. 2023-24 കാലയളവിൽ ഇത് 85,711ആയിരുന്നു. അതിനും മുമ്പ് 2022-23 കാലയളവിൽ ഇത് 91,110ആയിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ ഇറങ്ങുന്നത് അഞ്ഞൂറ് രൂപയുടേത് ആണെന്നാണ് വ്യക്തമാകുന്നത്.
അഞ്ഞൂറു രൂപയുടെ വ്യാജൻ്റെ എണ്ണം കൂടിയപ്പോൾ 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. പിൻവലിക്കുന്ന സമയത്ത് 2000ത്തിന്‍റെ കള്ളനോട്ടിന്‍റെ എണ്ണത്തിലും വർധനവ് ഉണ്ടായിരുന്നു. രണ്ടായിരം രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണം 2022-23 ഘട്ടത്തിൽ 9.,806ൽ നിന്നും 2023-24 കാലയളവിൽ 26,035ആയി ഉയർന്നിരുന്നു. എന്നാൽ 2024-25 സമയങ്ങളിൽ ഇത് 3508ആയി കുറഞ്ഞിട്ടുണ്ട്. അതായത് കള്ളനോട്ടടിക്കുന്നവർ 2000 രൂപയിൽ നിന്നും ശ്രദ്ധ 500ലേക്ക് മാറ്റിയിരിക്കുന്നുവെന്ന് ഈ രീതി വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം മൂല്യം കുറഞ്ഞ കറൻസികളായ നൂറു, ഇരുന്നൂറ് രൂപകളിലും കള്ളനോട്ടിന് ക്ഷാമമില്ല. 2020 -21 കാലഘട്ടത്തിൽ നൂറുരൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 1,10,736 ആയിരുന്നു. എന്നാൽ 2024-25 കാലയളവിൽ ഇത് 51,069ലേക്ക് ചുരുങ്ങിയിരുന്നു. എന്നാൽ ഇതേ കാലയളവിൽ 24,245 നിന്ന് 32,660ലേക്കാണ് 200 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം ഉയർന്നത്. 2021- 22 കാലയളവിൽ നിന്നും 2024-25 വർഷങ്ങളിലെത്തുമ്പോൾ മുഴുവൻ കള്ളനോട്ടുകളുടെ എണ്ണത്തിൽ ചെറിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് (2,30,971 - 2,17, 396). പുതിയ സീരീസ് അഞ്ഞൂറു രൂപ നോട്ടുകളാണ് ഇപ്പോൾ പട്ടികയിൽ ആധിപത്യം പുലർത്തുന്നത്. അതേസമയം പഴയ സീരീസ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ അപ്രത്യക്ഷമായിട്ടുമുണ്ട്. കള്ളനോട്ടുകളെ ചെറുക്കാൻ പുതിയ ഡിസൈനിലും സുരക്ഷയിലും അപ്‌ഗ്രേഡ് ചെയ്ത നോട്ടുകൾ പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Sharp rise in Fake 500 Rupees note, finance ministry to introduce new design