

ഇന്ത്യൻ ക്രിക്കറ്റ് ടീം സൂപ്പർ താരവും മുൻ നായകനുമായ രോഹിത് ശർമയെ പ്രശംസിച്ച് മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ആധിപത്യത്തിനും ആക്രമണ ശൈലിക്കും കാരണമായത് രോഹിത് ശർമയുടെ നായകമികവാണെന്ന് ദ്രാവിഡ് പറഞ്ഞു. മറ്റ് ടീമുകൾ ഇന്ത്യയെ പോലെ കളിക്കാനുള്ള ആഗ്രഹത്തിലേക്ക് മാറിയതായും ദ്രാവിഡ് വെളിപ്പെടുത്തി.
'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഞാൻ ചുമതലയേറ്റതുമുതൽ ക്യാപ്റ്റൻ രോഹിത് ശർമയുമായി ചർച്ച ചെയ്തിരുന്നത് കൂടുതൽ ആക്രമണോത്സുക ശൈലിയിൽ കളിക്കുന്നതിനെക്കുറിച്ചായിരുന്നു. തുടക്കം മുതൽ ഇന്ത്യൻ ടീം അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. കാരണം ആക്രമണ ശൈലിയിലാണ് ക്രിക്കറ്റ് വളർന്നുകൊണ്ടിരുന്നത്. ഇന്ത്യൻ ക്രിക്കറ്റിനെ ആക്രമണ ശൈലിയിലേക്ക് മാറ്റിയതിൽ രോഹിത് ശർമ അഭിനന്ദനം അർഹിക്കുന്നു.' ഗൗരവ് കപൂറിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാംപ്യൻസ് എന്ന പരിപാടിയിൽ ദ്രാവിഡ് പറഞ്ഞു.
'റിസ്ക് എടുത്ത് കളിക്കാൻ തയ്യാറാകേണ്ടത് താരങ്ങളാണ്. റിസ്ക് എടുക്കുമ്പോൾ പരാജയപ്പെട്ടാലും ഒരുപരിധി വരെ താരങ്ങൾക്ക് സുരക്ഷ നൽകാൻ ടീം മാനേജ്മെന്റിന് കഴിയും. എങ്കിലും അവസരങ്ങൾക്കൊത്ത് ഉയരുക താരങ്ങൾക്ക് നിർണായകമാണ്.' ദ്രാവിഡ് വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 2021 മുതൽ മൂന്ന് വർഷക്കാലം രാഹുൽ ദ്രാവിഡായിരുന്നു പരിശീലകൻ. 2024ലെ ട്വന്റി 20 ലോകകപ്പ് നേടിയതാണ് ദ്രാവിഡിന്റെ പരിശീലന മികവിൽ ഇന്ത്യ സ്വന്തമാക്കിയ വലിയ നേട്ടം. 2023ൽ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെയും ഏകദിന ലോകകപ്പിന്റെയും ഫൈനലിലെത്താൻ ദ്രാവിഡ് പരിശീലകനായ ഇന്ത്യൻ ടീമിന് കഴിഞ്ഞിരുന്നു. ദ്രാവിഡ് പരിശീലകനായിരുന്ന കൂടുതൽ സമയവും രോഹിത് ശർമയായിരുന്നു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ.
Content Highlights: Rahul Dravid Credits Rohit Sharma For India's T20I Dominance