

യുദ്ധത്തിന്റെ കെടുതികളാല്‍ വലയുന്ന ഗാസക്ക് പിന്തുണയുമായി വീണ്ടും യുഎഇ. ഇസ്രായേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 57 പേരെ വിദഗ്ധ ചികിത്സക്കായി ഗാസയില്‍ നിന്ന് യുഎഇയില്‍ എത്തിച്ചു. ഗാസയില്‍ യുഎഇ ഭരണകൂടം നടത്തിയ 29-ാമത് മാനുഷിക ദൗത്യത്തിന്റെ ഭാഗമായാണ് നടപടി.
ഇസ്രായേലിലെ റാമോണ്‍ വിമാനത്താവളം വഴിയും കരംഅബു സേലം ക്രോസിംഗ് വഴിയുമാണ് ഗാസയില്‍ നിന്നുളള രോഗികളെയും കുടുംബാംഗങ്ങളെയും ഒഴിപ്പിച്ച് യുഎഇയില്‍ എത്തിച്ചത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുളള നടപടികളും ആരംഭിച്ചു. ഗാസയില്‍ യുദ്ധത്തില്‍ പരിക്കേറ്റ 1,000 പലസ്തീന്‍ കുട്ടികള്‍ക്കും 1,000 കാന്‍സര്‍ രോഗികള്‍ക്കും യുഎഇ ആശുപത്രികളില്‍ ചികിത്സ നല്‍കാനുളള പദ്ധതിയുടെ ഭാഗമായാണ് രോഗികളെ എത്തിച്ചത്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് തുടര്‍ച്ചയായി മാനുഷിക സഹായം ലഭ്യമാക്കുന്നത്. പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി 2,961 രോഗികളും പരിക്കേറ്റവരുമായ പലസ്തീനികളെ ഇതിനകം യുഎഇയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നു. ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതുമുതല്‍ ഗാസക്ക് മരുന്നും ഭക്ഷണ സാധനങ്ങളും ഉള്‍പ്പെടെയുള്ള സഹായങ്ങളും തുടര്‍ച്ചയായി യുഎഇ എത്തിച്ചുനല്‍കുന്നുണ്ട്.
ഗാസയിലെ രൂക്ഷമായ കുടിവെളള്ളം ക്ഷാമം പരിഹരിക്കുന്നതിനായി വാട്ടര്‍ ടാങ്കുകളുടെ വലിയ ശേഖരവും ദിവസങ്ങള്‍ക്ക് മുമ്പ് ഗാസയില്‍ എത്തിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ക്കും ജലസ്രോതസ്സുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായ പ്രദേശങ്ങളില്‍ ജലലഭ്യത പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Content Highlights: 57 people seriously injured in Israeli attack flown from Gaza to UAE for treatment