

പുഷ്പങ്ങളുടെ വിസ്മയലോകം സമ്മാനിക്കുന്ന ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ സൗജന്യമായി പ്രവേശനം നേടാന്‍ അവസരം. സന്ദര്‍ശകരുടെ ജന്മദിനത്തിലാണ് സൗജന്യ പ്രവേശനം അനുവദിക്കുക. ദുബായിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ മിറക്കിള്‍ ഗാര്‍ഡന്റെ പുതിയ സീസണ്‍ ആരംഭിച്ചതിന് പിന്നാലെയാണ് സന്ദര്‍ശകര്‍ക്കായി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
സഞ്ചാരികളുടെ ജന്മദിനത്തിലാണ് മിറാക്കിള്‍ ഗാര്‍ഡനില്‍ എത്തുന്നതെങ്കില്‍ ടിക്കറ്റ് എടുക്കേണ്ടതില്ല. എന്നാല്‍ ജന്മദിനമാണെന്ന് തെളിയിക്കുന്ന ആധികാരിക രേഖ ഹാജരാക്കണം. ഇതിനായി പ്രവേശന കവാടത്തില്‍ പാസ്പോര്‍ട്ടോ എമിറേറ്റ്‌സ് ഐഡിയോ ഹാജരാക്കിയാല്‍ മതി. അതിനിടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഈ ആനുകൂല്യം ലഭിക്കുമോയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വിനോദസഞ്ചാരികള്‍ക്കും യുഎഇ നിവാസികള്‍ അല്ലാത്തവര്‍ക്കും 105 ദിര്‍ഹമാണ് മിറാക്കിള്‍ ഗാര്‍ഡില്‍ പ്രവേശിക്കുന്നതിനുള്ള ഫീസ്. എന്നാല്‍ യുഎഇയിലെ താമസക്കാര്‍ 73.5 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. കുട്ടികള്‍ക്ക് 52.5 ദിര്‍ഹത്തിനും ടിക്കറ്റ് ലഭ്യമാക്കുന്നുണ്ട്. 15 കോടിയിലേറെ പൂക്കളുടെ വിസ്മയ ലോകമാണ് മിറാക്കിള്‍ ഗാര്‍ഡനില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്.
മൂന്ന് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ ഇതിനകം ഗാര്‍ഡന്‍ സ്വന്തമാക്കിയിട്ടുണ്ട്. അല്‍ ബര്‍ഷ സൗത്ത് 3-ല്‍ സ്ഥിതി ചെയ്യുന്ന ഈ അത്ഭുത ഗാര്‍ഡന്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 11 വരെയും വാരാന്ത്യങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെയും തുറന്ന് പ്രവര്‍ത്തിക്കും.
Content Highlights: Visit Dubai's Miracle Garden for free on your birthday