ദുബായ് റൺ തിയതി പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ നടപടികൾക്കും തുടക്കമായി

എല്ലാ പ്രായക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് ദുബായ് റണ്‍

ദുബായ് റൺ തിയതി പ്രഖ്യാപിച്ചു; രജിസ്ട്രേഷൻ നടപടികൾക്കും തുടക്കമായി
dot image

ദുബായിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് ഈവന്റുകളില്‍ ഒന്നായ ദുബായ് റണ്‍ അടുത്ത മാസം 23 നടക്കും. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് പരിപാടി. ദുബായിലെ താമസക്കാരെയും സന്ദര്‍ശകരെയും വ്യായാമത്തിന് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ദുബായ് റണ്ണില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു.

എല്ലാ പ്രായക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് ദുബായ് റണ്‍. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചര്‍, എമിറേറ്റ്‌സ് ടവര്‍, ദുബായ് ഓപ്പറ, ബുര്‍ജ് ഖലീഫ എന്നിവിടങ്ങളിലാണ് ഇതിനായി ട്രാക്ക് സജ്ജമാക്കുക. 10 കിലോമീറ്റര്‍, അഞ്ച് കിലോമീറ്റര്‍ എന്നീ വിഭാഗങ്ങളിലാണ് ദുബായ് റണ്‍ നടക്കുക. നവംബര്‍ 23ന് രാവിലെ 6.30ന് റണ്‍ ആരംഭിക്കും. എന്നാല്‍ ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പുലര്‍ച്ചെ നാല് മണിമുതല്‍ പ്രവേശനം അനുവദിക്കും. എട്ട് മണിയോടെ സ്റ്റാര്‍ട്ട് ലൈന്‍ അടയ്ക്കും.

ഷെയ്ഖ് സായിദ് റോഡിലെ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിനു മുന്നില്‍ നിന്നാണ് അഞ്ച് കിലോ മീറ്റര്‍ റണ്‍ തുടങ്ങുക. ബുര്‍ജ് ഖലീഫ, ദുബായ് ഓപ്പറ വഴി ദുബായ് മാളില്‍ ഇത് അവസാനിക്കും. മികച്ച ഓട്ടക്കാര്‍ക്ക് വേണ്ടിയുളള പത്ത് കിലോമീററര്‍ റണ്‍ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറില്‍ നിന്ന് തുടങ്ങി ഷെയ്ഖ് സായിദ് റോഡ് വഴി ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ അവസാനിക്കുന്നത് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ദുബായ് റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്കുളള നിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ബാഗുകളുമായി ഓടാന്‍ പാടില്ല. ഓടാനെത്തുന്നവര്‍ വാട്ടര്‍ ബോട്ടില്‍ കൊണ്ടുവരണം. അതില്‍ നിറയ്ക്കാനുള്ള വെള്ളം സംഘാടകര്‍ നല്‍കും. ആവശ്യത്തിന് സമയം എടുത്ത് ഓടാമെന്നും ചിത്രങ്ങളും വിഡിയോയും എടുക്കുന്നവര്‍ റോഡിന്റെ വശങ്ങളിലേക്കു മാറി നിന്ന് അവ പകര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.

ദുബായ് റണില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. നേരിട്ട് രജിസ്റ്റര്‍ ചെയ്യാനുള്ള പ്രായപരിധി 21 വയസാണ്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. 13 മുതല്‍ 21 വയസുവരെയുള്ളവര്‍ മാതാപിതാക്കളുടെ സമ്മത പത്രത്തോടൊപ്പമാണ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

Content Highlights: Dubai Run will take place on the 23rd of next month

dot image
To advertise here,contact us
dot image