

വിദേശ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഗോൾഡൻ വിസ ലഭ്യമാക്കാൻ അവസരവുമായി ഖത്തർ. താമസാനുമതി, ബിസിനസ് അവസരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കാനുള്ള അവസരമാണ് ഗോൾഡൻ വിസയിലൂടെ ഖത്തർ വാഗ്ദാനം ചെയ്യുന്നത്. ഖത്തറിൽ ഗോൾഡൻ വിസയ്ക്കുള്ള യോഗ്യത ഇപ്രകാരമാണ്.
അപേക്ഷകന് സാധുവായ ഒരു പാസ്‌പോർട്ട് ഉണ്ടായിരിക്കണം. വിസ അപേക്ഷകന് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരിക്കരുത്. നിക്ഷേപകന് കുറഞ്ഞത് 21 വയസെങ്കിലും പ്രായമുണ്ടായിരിക്കണം. കൂടാതെ നിക്ഷേപം സംബന്ധിച്ച വ്യക്തമായ തെളിവുകൾ ഹാജരാക്കണം.
ഖത്തർ ഗോൾഡൻ വിസ അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ ഇപ്രകാരമാണ്. അപേക്ഷകർ നിക്ഷേപത്തിൻ്റെ തെളിവും മറ്റ് രേഖകളും സമർപ്പിക്കേണ്ടതുണ്ട്. ഇതിനുപിന്നാലെ, സ്ഥിര താമസത്തിനുള്ള കാർഡ് അനുവദിക്കുന്ന കമ്മിറ്റി അപേക്ഷകൾ അവലോകനം ചെയ്യും. തുടർന്ന്, വിസയ്ക്ക് അപേക്ഷിക്കുന്ന നടപടിക്രമത്തിൽ, ഖത്തറിൻ്റെ ഔദ്യോഗിക സർക്കാർ പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുന്നതും ഉൾപ്പെടുന്നു.
ഖത്തർ ഗോൾഡൻ വിസയ്ക്ക് ആവശ്യമായ രേഖകൾ ഇവയാണ്. അപേക്ഷകൻ്റെ പാസ്‌പോർട്ടിൻ്റെ പകർപ്പ്, പൊലീസ് ക്ലിയറൻസ്, മെഡിക്കൽ റിപ്പോർട്ട്, ഫീസ് അടച്ചതിൻ്റെ തെളിവ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ നിക്ഷേപം സംബന്ധിച്ചുള്ള തെളിവ്, നിക്ഷേപം സ്ഥിരീകരിക്കുന്ന ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ഒരു കത്തും ആവശ്യമുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഖത്തറിലെ ഗോൾഡൻ വിസ ഉടമയ്ക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരം. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭൂമി ഉടമസ്ഥാവകാശം, കുടുംബാംഗങ്ങൾക്ക് സ്പോൺസർഷിപ്പ് നൽകാനുള്ള അനുമതി തുടങ്ങിയവ ഖത്തർ ഗോൾഡൻ വിസയിലൂടെ ലഭ്യമാകുന്നു.
Content Highlights: Qatar Golden Visa with many benefits