

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയുഗം. ഗംഭീര അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും മികച്ച വിജയം കാഴ്ചവെച്ചിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ പ്രേക്ഷകരിലേക്ക് എത്തിയ സിനിമ ഒരു ഹൊറർ ചിത്രമായിട്ടാണ് ഒരുങ്ങിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനവും കൊടുമൺ പോറ്റിയെന്ന കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നടൻ ധ്രുവ് വിക്രം പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
കണ്ട ഏറ്റവും പ്രിയപ്പെട്ട മലയാളം സിനിമ ഏതെന്ന ചോദ്യത്തിന് ഭ്രമയുഗം എന്നായിരുന്നു ധ്രുവ് വിക്രമിന്റെ മറുപടി. പേർളി മാണി ഷോയിലായിരുന്നു നടന്റെ പ്രതികരണം. ഇതിന് പിന്നാലെ നടന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പുറത്തിറങ്ങി ഒരു വർഷം കഴിയുമ്പോഴും ഭ്രമയുഗം ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നെന്നും മലയാളത്തിന് പുറമെ മറ്റു പ്രേക്ഷകർക്കിടയിൽ ഇന്നും സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് പലരും കുറിക്കുന്നത്. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം 50 കോടിക്ക് മുകളിൽ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിച്ച ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിച്ചത്.
Modern Era Classic - GOAT YUGAM 🔥#Mammootty @mammukka pic.twitter.com/Mpo6sxkmAT
— VISHNU JAGADEESH (@VISHNUJAGADEES9) October 25, 2025
അതേസമയം, ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമായ 'ഡീയസ് ഈറേ' ഒക്ടോബർ 31 ന് പുറത്തിറങ്ങും. പ്രേക്ഷകരെ ഭീതിയിലാക്കാൻ കഴിവുള്ള ഒരു സിനിമ തന്നെയായിരിക്കും 'ഡീയസ് ഈറേ' എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഈ ചിത്രം മലയാള സിനിമയുടെ ഹൊറർ ഴോണറുകളിൽ ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനം നേടുമെന്ന് ഉറപ്പാണെന്നും ഭ്രമയുഗത്തിന് ശേഷം രാഹുൽ സദാശിവൻ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും കമന്റുകൾ വരുന്നുണ്ട്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. അടുത്തിടെ പുറത്തുവിട്ട സിനിമയുടെ ട്രെയിലറിന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചിരുന്നത്. ട്രെയിലറിലെ പ്രണവിന്റെ അഭിനയമുഹൂർത്തങ്ങൾ വലിയ ചർച്ചയായിരുന്നു. ഒരു കണ്ണാടിയിൽ ആരെയും പേടിപ്പിക്കുന്ന മുഖഭാവങ്ങളോടെ നിൽക്കുന്ന പ്രണവിന്റെ ഷോട്ട് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.
Content Highlights: Dhruv Vikram about Bramayugam