
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇനിവേണ്ടത് വെറും ആറ് സെക്കന്റുകൾ മാത്രം. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെയുള്ള സ്മാർട്ട് കൊറിഡോർ വഴി കടന്നുപോകുമ്പോൾ തന്നെ ഇമിഗ്രേഷൻ നടപടി പൂർത്തിയാകും.
ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3ൽ യാത്രക്കാരുടെ തിരക്കുണ്ടായിരുന്ന സമയത്താണ് എഐ സംവിധാനം പരീക്ഷിച്ചുനോക്കിയത്. കൗണ്ടറുകളോ ഡോക്യുമെന്റുകൾ പരിശോധിക്കുകയോ പാസ്പോർട്ട് പരിശോധനയോ ഇല്ലാതെ തന്നെ യാത്രക്കാരുടെ ഇമിഗ്രേഷൻ പൂർത്തിയാകുകയും ചെയ്തു. ടെർമിനൽ 3ൽ ചുവപ്പ് കാർപ്പെറ്റിലൂടെ നടക്കുമ്പോൾ യാത്രക്കാരുടെ മുഖം സെൻസർ ചെയ്താണ് ഇമിഗ്രേഷൻ പൂർത്തിയാകുന്നത്.
യാത്രക്കാർ ടെർമിനൽ കടന്നതിന് പിന്നാലെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായി എന്ന സന്ദേശവും ലഭിച്ചു. ഒപ്പം യാത്രക്കാരന്റെ ചിത്രവും ഫ്ലൈറ്റ് വിവരങ്ങളും സമയവും തെളിഞ്ഞുവന്നു. നടപടികളിൽ എന്തെങ്കിലും തടസം വന്നാൽ യാത്രക്കാരനെ കൂടുതൽ പരിശോധനകൾക്കായി ഇടത് ഭാഗത്തേയ്ക്ക് മാറണമെന്ന നിർദ്ദേശവും ഇവിടെ ലഭിക്കുന്നുണ്ട്.
ചില യാത്രക്കാർ സാധാരണ ഇമിഗ്രേഷൻ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് മുന്നിൽ പാസ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങി. എന്നാൽ നിങ്ങൾക്ക് പോകാം, പാസ്പോർട്ട് കാണിക്കേണ്ട ആവശ്യമില്ല എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സാധാരണായി ഏതാനും മിനിറ്റുകൾ നീളുന്ന നടപടിയാണ് ഇപ്പോൾ എഐ വഴി നിമിഷങ്ങൾകൊണ്ട് പൂർത്തിയാകുന്നത്.
എഐ സാങ്കേതിക വിദ്യ വഴിയുള്ള ഇമിഗ്രേഷൻ നടപടികൾ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. വിമാനത്താവളത്തിലേയ്ക്കുള്ള പ്രവേശനം ഉൾപ്പെടെ എല്ലായിടത്തും സാങ്കേതിക വിദ്യ എത്തിക്കാനാണ് അധികൃതരുടെ ശ്രമം. ഇതുവഴി യാത്രക്കാർക്ക് തടസങ്ങളും കാത്തുനിൽപ്പും ഒഴിവാക്കാൻ കഴിയും.
നിലവിൽ ഒരേസമയം 10 യാത്രക്കാർക്ക് വരെ ഈ സംവിധാനം വഴി കടന്നുപോകാൻ സാധിക്കും. വീൽചെയർ ഉപയോഗിക്കുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും എഐ സാങ്കേതിക വിദ്യയിൽ തടസമില്ലാതെ കടന്നുപോകാൻ കഴിഞ്ഞു. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുക മാത്രമല്ല, സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ പറയുന്നു. സംശയാസ്പദമായ പാസ്‌പോർട്ടുകൾ എഐ സംവിധാനത്തിന് തിരിച്ചറിയാനും അവയെ വ്യാജരേഖാ വിദഗ്ധർക്ക് കൈമാറാനും കഴിയും.
Content Highlights: Now, clear immigration in 6 seconds Inside Dubai Airport