
പല തരത്തിലുള്ള മുറിവുകള്‍ നമ്മുടെ ശരീരത്തുണ്ടാവാറുണ്ടല്ലേ… അതില്‍ ചിലതിന്റെ ഒക്കെ അവശേഷിപ്പുകള്‍ ചിലപ്പോള്‍ കാലങ്ങളോളം നമ്മുടെ ശരീരത്തില്‍ നിലനിന്നേക്കാം. അത്തരത്തില്‍ എട്ട് വര്‍ഷം മുന്‍പുണ്ടായ ഒരു ആക്രമണത്തിന്റെ അവശേഷിപ്പ് ഒരു 44 കാരൻ്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയതാണ് ഇപ്പോൾ ചര്‍ച്ചയാവുന്നത്.
2025 മെയ് 31-ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു കേസ് സ്റ്റഡി പുറത്തു വിട്ടു. ഇതിൽ ഒരു 44 വയസ്സുകാരൻ നേരിട്ട ശാരീരികാവസ്ഥയെ പറ്റി പറയുന്നു. തന്റെ വലത് മുലക്കണ്ണില്‍ നിന്ന് പഴുപ്പ് ഒഴുകുന്നുവെന്ന അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ആദ്യമായി ഇയാൾ വൈദ്യസഹായം തേടി ആശുപത്രിയിൽ എത്തിയത്. പഴുപ്പ് വരാൻ കാരണം എന്താണെന്ന് അറിയാൻ ഡോക്ടർ ഇയാളോട് ഒരു എക്സറേ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ട് വന്നതും എല്ലാവരും ഞെട്ടി. നെഞ്ചിനുള്ളിൽ ഒരു കത്തി തറച്ചിരിക്കുന്നതായിരുന്നു എക്സറേയിൽ കണ്ടത്. വിശദാംശങ്ങൾ ചോദിച്ച് വന്നപ്പോഴാണ് കത്തി എട്ട് വര്‍ഷമായി ഇയാളുടെ നെഞ്ചിൽ തറച്ചിരിക്കുകയാണെന്ന് മനസിലായത്.
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് ?
ടാന്‍സാനിയ സ്വദേശിയായ 44 കാരനുണ്ടായ സംഭവമാണ് ഇന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. എട്ട് വര്‍ഷത്തോളം ആ മനുഷ്യന്റെ നെഞ്ചില്‍ കത്തി കിടന്നിട്ടും കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. കേസിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞു, ''വലത് മുലക്കണ്ണിന് താഴെ പഴുപ്പുമായാണ് രോഗി എത്തുന്നത്. പരിശോധനയിൽ ഇയാളുടെ നെഞ്ചിനുള്ളിൽ കത്തി തറച്ചിരിക്കുന്നതായി കണ്ടെത്തി. വിഷയത്തെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ 8 വര്‍ഷം മുമ്പ് ഒരു അക്രമാസക്തമായ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതായി രോഗി ഓര്‍മിച്ചെടുത്തു. അന്ന് അദ്ദേഹത്തിന് മുഖം, പുറം, നെഞ്ച്, വയറ് എന്നിവിടങ്ങളില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന്, അദ്ദേഹം ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ തേടിയിരുന്നു. അവിടെ അദ്ദേഹത്തിന്റെ മുറിവുകള്‍ തുന്നിച്ചേര്‍ത്തു. എന്നാൽ നെഞ്ചിൽ കത്തി കയറിയത് അറിഞ്ഞിരുന്നില്ലായെന്നാണ് പറയുന്നത്.
പിന്നീട് ഇപ്പോള്‍ ഇയാളുടെ ഇമേജിംഗ് നടത്തിയപ്പോൾ വലത് ഹെമിതൊറാക്‌സില്‍ കത്തി തട്ടി നില്‍ക്കുന്നതായാണ് കണ്ടെത്തിയതെന്ന് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. വലത് നെഞ്ചില്‍ തൊറാക്കോട്ടമി ശസ്ത്രക്രിയ വഴി കത്തി പുറത്തെടുക്കുകയായിരുന്നു. രോഗി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Content Highlights- Pus oozing from chest, knife stuck in back for 8 years, shocking X-ray report