
നിങ്ങള്‍ ഒരു യാത്ര പോകാനായി വിമാനത്തില്‍ കയറുകയാണെന്ന് വിചാരിക്കുക. വിമാനത്തിന് അകത്ത് പ്രവേശിക്കുമ്പോള്‍ ക്രൂ അംഗങ്ങള്‍ അതായത് ഫ്ളൈറ്റ് അറ്റന്റന്റ് നിങ്ങളെ സ്വാഗതം ചെയ്യുന്നതിനൊപ്പം നിങ്ങളുടെ കാലുകളിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?എന്തിനായിരിക്കും അവരങ്ങനെ ചെയ്യുന്നത്? നിസ്സാരമെന്ന് തോന്നുമെങ്കിലും ഈ പ്രവൃത്തി യഥാര്‍ഥത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്.
ഒരു അപകടമുണ്ടായാല്‍ പെട്ടെന്നുതന്നെ യാത്രക്കാരെ രക്ഷപ്പെടുത്തേണ്ടത് മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്‌ളയിറ്റ് അറ്റന്റന്റാണ്. അത്തരമൊരു സാഹചര്യത്തില്‍ വേഗത്തില്‍ പുറത്തുകടക്കാന്‍ പാകത്തിലുളളതാണോ നിങ്ങളുടെ പാദരക്ഷ എന്ന് അറിയേണ്ടതുണ്ട്. വലിയ ബൂട്ടുകള്‍, ഹൈഹീല്‍സ് അങ്ങനെ ചലനം മന്ദഗതിയിലാക്കുന്നതും വഴുക്കലുള്ളതും ഒക്കെയായ പാദരക്ഷകള്‍ നിങ്ങള്‍ വീഴാനോ മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കാനോ കാരണമാകും.
അടിയന്തിര സാഹചര്യങ്ങളില്‍ വിമാനത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിക്കുന്ന ഇവാക്വേഷന്‍ സ്‌ളൈയിഡുകളിലൊക്കെ കേടുപാടുകള്‍ ഉണ്ടാക്കാന്‍ മൂര്‍ച്ചയുള്ള ഹീലുകളുള്ള ചെരുപ്പുകള്‍ക്ക് കഴിയും.
സുരക്ഷയ്ക്ക് പുറമേ യാത്രക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യവും കൂടിയാണിത്. പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകളില്‍. വളരെ ഇറുകിയതോ അനുയോജ്യമല്ലാത്തതോ ആയ ഷൂസ് ധരിക്കുന്നത് വെനസ് ത്രോംബോസിസ് പോലെയുളള രക്തചംക്രമണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
വിമാനയാത്രയില്‍ ശ്രദ്ധിക്കാനുളള ചില കാര്യങ്ങള്‍
1 എളുപ്പത്തില്‍ ഊരി മാറ്റാവുന്നതും കാല് മുഴുവനായി മൂടുന്നതുമായ ഷൂ ധരിക്കുക.
2 യാത്രയ്ക്കിടയില്‍ ഷൂ അഴിച്ച് മാറ്റി വയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരു ജോഡി സോക്‌സ് ധരിക്കുകയോ കൈയ്യില്‍ കരുതുകയോ ചെയ്യുക.
3 നിര്‍ണായക ഘട്ടങ്ങളായ ടേക്ക് ഓഫ്, ലാന്‍ഡിംഗ്, ടര്‍ബുലന്‍സ് എന്നിങ്ങനെയൊക്കെ ഉള്ളപ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.
4 വിമാന യാത്രയ്ക്കിടയില്‍ ഹൈഹീലുകള്‍ ഇറുകിപ്പിടിച്ച ഷൂ ഇവ ധരിക്കുന്നതിന് പകരം ഫ്‌ളാറ്റായ ചെരുപ്പുകള്‍ ധരിക്കുന്നതാണ് അനുയോജ്യം.
Content Highlights :There are many things we don't know about air travel. One of them is the knowledge about the footwear that passengers should wear