മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ ഓർമ്മയിൽ നിന്ന് മായാതെ ആ ഇന്ത്യ-അർജൻ്റീന ഏറ്റുമുട്ടൽ

ഡീ​ഗോ മറഡോണ അന്ന് ഇന്ത്യയിൽ എത്തിയില്ലെങ്കിലും സൂപ്പർതാരം യോർജെ ബുറുഷാഗ അർജൻ്റീനിയൻ ടീമിലുണ്ടായിരുന്നു

dot image

ലയണൽ മെസി ഉൾപ്പെടുന്ന അർ‌ജൻ്റീന ഫുട്ബോൾ ടീം നവംബർ 10 നും 18 നും ഇടയിലുള്ള തീയതികളിൽ കേരളത്തിൽ എത്തുമെന്ന് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അർ‌ജൻ്റീനിയൻ ടീം കേരളത്തിൽ കളിക്കാനെത്തുമ്പോൾ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഫുട്ബോൾ ആരാധകർ ആവേശത്തിലാണ്. 1984ലാണ് അർജൻ്റീയൻ ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയിലെത്തിയത്. അന്ന് നെഹ്റു ട്രോഫിയിൽ അർജൻ്റീനയ്ക്കെതിരെ കളിച്ചതാണ് ഇന്ത്യൻ ടീമിൻ്റെ അവരുമായുള്ള ഏക അന്താരാഷ്ട്ര മത്സരം. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിലായിരുന്നു ആ മത്സരം. പിന്നീട് 2011ലാണ് മെസി ഉൾപ്പെട്ട അർജൻ്റീനിയൻ ടീം ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്തയിൽ വെന്വേസലയുമായുള്ള പ്രദർശന മത്സരത്തിനായിരുന്നു മെസിയും സംഘവും എത്തിയത്.

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെൻ്റായിരുന്ന നെഹ്റു കപ്പിൻ്റെ മൂന്നാം പതിപ്പിൽ പങ്കെടുക്കുന്നതിനായിരുന്നു അർജൻ്റീന ഫുട്ബോൾ ടീം ആദ്യമായി ഇന്ത്യയിലെത്തുന്നത്. 1984 ജനുവരി 11 മുതൽ 27വരെയായിരുന്നു നെഹ്റു കപ്പിൻ്റെ മൂന്നാം എഡിഷൻ കൊൽക്കത്തയിൽ നടന്നത്. അർജൻ്റീനയ്ക്കും ഇന്ത്യയ്ക്കും പുറമെ പോളണ്ട്, ചൈന, റുമാനിയയുടെ അണ്ടർ 21 ടീം, ഹം​ഗറിയിൽ നിന്നുള്ള Vasas ബുഡാപെസ്റ്റ് സോക്കർ ക്ലബ്ബ് എന്നിവരായിരുന്നു റൗണ്ട്-റോബിൻ അടിസ്ഥാനത്തിലുള്ള ടൂർണമെൻ്റിൽ പങ്കെടുത്തത്. പിന്നീട് 1986ൽ ലോകകിരീടത്തിൽ മുത്തമിട്ട അർജൻ്റീനിയൻ ടീമിലെ പ്രധാനതാരങ്ങളെല്ലാം അന്ന് ഇന്ത്യയിൽ എത്തിയിരുന്നു. ഡീ​ഗോ മറഡോണ അന്ന് ഇന്ത്യയിൽ എത്തിയില്ലെങ്കിലും സൂപ്പർതാരം യോർജെ ബുറുഷാഗ അർജൻ്റീനിയൻ ടീമിലുണ്ടായിരുന്നു. രണ്ട് കൊല്ലത്തിന് ശേഷം 1986ൽ മെക്സിക്കോ ആതിഥേയത്വം വഹിച്ച ലോകകപ്പിൽ ജർമ്മനിയെ തോൽപ്പിച്ച് ‍അ‍ർജൻ്റീന ലോകകിരീടം ഉയ‍ർത്തിയപ്പോൾ ഫൈനലിലെ നി‍ർണ്ണായക ​ഗോൾ നേടിയത് യോർജെ ബുറുഷാഗ ആയിരുന്നു. ടൂർണ്ണമെൻ്റിൽ ആകെ രണ്ട് ​ഗോളുകൾ ബുറുഷാഗ നേടിയിരുന്നു. ഗോൾകീപ്പർ നെറി പുംപിഡോ, മിഡ്ഫീൽഡർ റിക്കാർഡോ ജിയൂസ്റ്റി തുടങ്ങിയ പ്രമുഖരും അന്ന് ഇന്ത്യയിലെത്തിയിരുന്നു. കാർലോസ് ബിലാർഡോ എന്ന വിഖ്യാത പരിശീലകൻ്റെ കീഴിലായിരുന്നു അന്ന് അർജൻ്റീനിയൻ സംഘം എത്തിയത്.

INDIA V/S ARGENTINA at NEHRU CUP 1984 on14th of January 1984
1984ലെ നെഹ്റു കപ്പിൽ ഇന്ത്യയും അർജൻ്റീനയും തമ്മിലുള്ള മത്സരം

1984 ജനുവരി 14നായിരുന്നു ഇന്ത്യയും അർജൻ്റീനയും തമ്മിൽ ഏറ്റമുട്ടിയത്. ശക്തരായ അർജൻ്റീനിയൻ സംഘത്തോട് അവിസ്മരണീയ പോരാട്ടമാണ് പർമീന്ദർ സിം​ഗിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ സംഘം നടത്തിയത്. അന്ന് ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തായിരുന്നു അർജൻ്റീന. ഇന്ത്യയാകട്ടെ 127-ാം സ്ഥാനത്തും. ലോക ഫുട്ബോളിലെ ദാവീദും ഗോലിയാത്തും തമ്മിലുള്ള ആ മത്സരം പക്ഷെ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ മത്സരമായാണ് ഇന്നും അടയാളപ്പെടുത്തുന്നത്. മത്സരത്തിൻ്റെ 78-ാം മിനിട്ട് വരെ അതാനു ഭട്ടാചാര്യ കാത്ത ഇന്ത്യൻ ​ഗോൾവലയം ഭേദിക്കാൻ അർജൻ്റീനിയൻ സംഘത്തിന് സാധിച്ചില്ല. 79-ാം മിനിറ്റിൽ അർജൻ്റീനയുടെ ഒൻപതാം നമ്പർ താരം ​​റിക്കാർഡോ ഗരേക്കയാണ് അർജൻ്റീനയ്ക്കായി ​ഗോൾ നേടിയത്. അതുവരെ പൊരുതി നിന്ന ഇന്ത്യൻ പ്രതിരോധത്തെ മറികടന്ന് അർജൻ്റീന നേടിയ ആ ​ഗോൾ പക്ഷെ ​ഗോൾ കീപ്പർ അതാനു ഭട്ടാചാര്യ വരുത്തിയ പിഴവിൽ നിന്ന് സംഭവിച്ചതായിരുന്നു. പന്തിനായി ഡൈവ് ചെയ്തെങ്കിലും അതാനുവിൻ്റെ കൈകളെ കടന്നു പോയ ആ പന്ത് എത്തിയത് ​ഗരേക്കയുടെ മുന്നിലേയ്ക്കായിരുന്നു. ​ഗരേക്ക അനായാസമായി ലക്ഷ്യം കണ്ടു.

​ഗോൾ വീണതിന് പിന്നാലെ അതുവരെ പ്രതിരോധത്തിൻ്റെ കോട്ടകെട്ടിയിരുന്ന ഇന്ത്യൻ സംഘം ആക്രമണത്തിൻ്റെ മൂർച്ച കൂട്ടി. അവസാന പത്ത് മിനിട്ടിൽ ​ഗോളുറപ്പിച്ച മൂന്ന് അവസരങ്ങളാണ് ഇന്ത്യൻ മുന്നേറ്റനിര സൃഷ്ടിച്ചത്. അതിൽ ഒരെണ്ണം നെറി പുംപിഡോയെ മറികടന്ന് അർജൻ്റീനയുടെ വലകുലുക്കുക തന്നെ ചെയ്തിരുന്നു. പക്ഷെ നിർഭാ​ഗ്യത്തിൻ്റെ രൂപത്തിലെത്തിയ ഓഫ്സൈഡ് ഇന്ത്യൻ ഫുട്ബോളിൻ്റെ ഒരു ചരിത്ര നിമിഷത്തെയാണ് ഇല്ലാതാക്കിയത്. ഷബീർ അലിയുടെ തകർപ്പൻ ഹാഫ് വോളി പുംപിഡോയെ മറികടന്ന് അർജൻ്റീനിയൻ വലകുലിക്കിയെങ്കിലും ആ നീക്കം ഓഫ്സൈഡിൽ കുരുങ്ങുകയായിരുന്നു. അലോക് മുഖർജിയും ബികാഷ് പാഞ്ചിയും നടത്തിയ നീക്കം ​ഗോളിന് അടുത്തെത്തിയെങ്കിലും അർജൻ്റീനിയൻ പ്രതിരോധം തകർക്കുകയായിരുന്നു. നരീന്ദർ ഥാപ്പയുടെ എണ്ണം പറഞ്ഞ ഷോട്ട് പുംപിഡോയെയും മറികടന്ന് വലയിലേയ്ക്ക് നീങ്ങവെ ഇന്ത്യൻ പ്രതീക്ഷകളെ തകർത്തു കൊണ്ടായിരുന്നു ജൂലിയൻ കാമിനോ ​ഗോൾലൈൻ സേവ് നടത്തിയത്. ഒടുവിൽ ശക്തരായ ഇന്ത്യൻ സംഘത്തെ മറുപടിയില്ലാത്ത ഒരു ​ഗോളിന് അർജൻ്റീന പരാജയപ്പെടുത്തി. അതാനു ഭട്ടാചാര്യ, കൃഷ്ണേന്ദു റോയ്, മനോരഞ്ജൻ ഭട്ടാചാര്യ, തരുൺ ഡേ, അലോക് മുഖർജി, പ്രശാന്ത ബാനർജി, പർമീന്ദർ സിംഗ്, ബാബു മണി, ഷബീർ‌ അലി, ബിശ്വജിത് ഭട്ടാചാര്യ, ബിദേഷ് ബോസ് എന്നിവർ അടങ്ങുന്നതായിരുന്നു ഇന്ത്യയുടെ പ്ലേയിം​ഗ് ഇലവൻ. പ്രതാപ് ഘോഷ്, പ്രേം ദോർജി, അരൂപ് ദാസ്, അബ്ദുൾ മജീദ്, നരീന്ദർ ഥാപ്പ എന്നിവരായിരുന്നു പകരക്കാരുടെ ബെഞ്ചിൽ. ഇന്ത്യൻ ഫുട്ബോളിൻ്റെ മുഖച്ഛായ മാറ്റിമറിച്ച യുഗോസ്ലാവിയക്കാരനായ സിറിച്ച് മിലോവനായിരുന്നു ഇന്ത്യയുടെ പരിശീലകൻ.

Messi playing in a friendly at the Salt Lake Stadium against Venezuela
2011ൽ കൊൽക്കത്തയിൽ അർജൻ്റീനയും വെനിസ്വലയും തമ്മിലുള്ള സൗഹൃദമത്സരം

2011-ൽ വീണ്ടും ഒരിക്കൽ കൂടി അ‍ർജൻ്റീനിയൻ സംഘം ഇന്ത്യയിലെത്തിയത്. മെസി അടങ്ങുന്ന അർജൻ്റീനിയൻ ടീം സാൾട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് വെനസ്വേലയുമായുള്ള സൗഹൃദ മത്സരം കളിച്ചത്. ലയണൽ മെസി, നിക്കോളാസ് ഒറ്റമെൻഡി, ​ഗോൺസാലോ ​ഹി​ഗ്വെയ്ൻ, റിക്കാർഡോ അൽവാരസ്, സെർജിയോ അ​ഗ്യൂറോ, ഏഞ്ചൽ ഡി മരിയ തുടങ്ങിയ കരുത്തരായ താരനിരയാണ് അന്ന് ഇന്ത്യയിലെത്തിയത്. 2011 സെപ്റ്റംബർ 2-ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക​ഗോളിനായിരുന്നു മെസിയുടെ അർജൻ്റീന വെനസ്വേലയെ പരാജയപ്പെടുത്തിയത്. പ്രതിരോധതാരം നിക്കോളാസ് ഒറ്റമെൻഡിയാണ് കളിയുടെ 70-ാം മിനിറ്റിൽ അർജൻ്റീനയ്ക്കായി ​ഗോൾ നേടിയത്.

ഇന്ത്യയിലേയ്ക്ക് വന്ന അനുഭവത്തെക്കുറിച്ച് 2014-ൽ ഒരു അഭിമുഖത്തിൽ മെസി വാചാലനായിരുന്നു. ഞാൻ അവസാനമായി ഇന്ത്യയിലേക്ക് കാലെടുത്തുവച്ചപ്പോൾ, ആ രാജ്യം എന്നിൽ ചൊരിഞ്ഞ ഊഷ്മളതയും അഭിനിവേശവും എന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യ അതിന്റെ പ്രശസ്തമായ ഒരു ശാശ്വത മുദ്ര പതിപ്പിച്ചു. നിലനിൽക്കുന്ന ആ ഓർമ്മയോടെ ഞാനും എന്റെ കുടുംബവും ആ രാജ്യവുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മെസിയുടെ പ്രതികരണം.

വീണ്ടുമൊരിക്കൽ കൂടി മെസി അ‍ർജൻ്റീനിയൻ ടീമിനൊപ്പം ഇന്ത്യയിലേയ്ക്ക് വരുമ്പോൾ കേരളം ഉൾതുടിപ്പോടെ കാത്തിരിക്കുകയാണ്. 2011 കൊൽക്കത്തയിൽ വന്ന മെസിയല്ല ഒരു വ്യാഴവട്ടത്തിന് ശേഷം കേരളത്തിലെത്തുന്നത്. നിരവധി യാദൃശ്ചികതകളും അ‍ർജൻ്റീനിയൻ ടീം വീണ്ടും ഇന്ത്യയിലേയ്ക്ക് വരുമ്പോൾ ചൂണ്ടിക്കാണിക്കാനുണ്ട്. 1984-ൽ ലോകകപ്പിന് ബൂട്ട് കെട്ടുന്നതിന് രണ്ട് വർഷം മുമ്പായിരുന്നു അ‍ർജൻ്റീനിയൻ ടീം ഇന്ത്യയിലെത്തിയത്. പിന്നീട് രണ്ട് കൊല്ലത്തിന് ശേഷം അർജൻ്റീന ലോക ചാമ്പ്യന്മാരായി. ലോകകപ്പിന് ആറ് മാസം മാത്രം ശേഷിക്കെയാണ് ഇത്തവണ അ‍ർജൻ്റീനിയൻ ടീം ഇന്ത്യയിലെത്തുന്നത്. ആറ് മാസത്തിന് ശേഷം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നവരിൽ ഒരുരാജ്യം മെക്സിക്കോ ആണെന്നതാണ് മറ്റൊരു യാദൃശ്ചികത. 40 വർഷം മുമ്പ് ഇന്ത്യൻ സന്ദർശനത്തിന് പിന്നാലെ അ‍ർജൻ്റീന ലോകകപ്പ് ഉയർത്തിയപ്പോഴും ആതിഥേയത്വം വഹിച്ചത് മെക്സിക്കോ ആയിരുന്നു. അന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ജനിച്ചിരുന്നില്ല. എന്തായാലും ആകസ്മികതകളുടെ ഒരു പശ്ചാത്തലം കൂടിയുണ്ട് മെസിയുടെയും സംഘത്തിൻ്റെയും ഇത്തവണത്തെ വരവിന്.

സ്വപ്ന തുല്യമായ ലോക കിരീടം സ്വന്തമാക്കി ലോകഫുട്ബോളിൻ്റെ മിശിഹയെന്ന വിളിപ്പേരോടെയാണ് മെസി കേരളത്തിൽ എത്തുന്നത്. 2026-ൽ അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിൽ കിരീടം നിലനിർത്താൻ ഒരുങ്ങുന്ന അർജൻ്റീനിയൻ ഫുട്ബോൾ ടീമിൻ്റെ പരിശീലന മത്സരം കൂടിയാകും കേരളത്തിൽ നടക്കുക. കേരളം മിശിഹയ്ക്കായി കാത്തിരിക്കുമ്പോൾ ഇന്ത്യയിലേയ്ക്കുള്ള രണ്ടാം വരവിൽ മെസി എന്തെല്ലാം വിസ്മയപ്പെടുത്തുന്ന ഓർമ്മകളാവും കരുതിവെച്ചിരിക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ.

Content Highlights: As Lionel Messi and his team arrived in Kerala they recalled the India-Argentina match

dot image
To advertise here,contact us
dot image