
കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേർസിനെതിരെ അദാനി ട്രിവാൻഡ്രം റോയൽസ് വിജയിച്ചിരുന്നു. നാല് വിക്കറ്റിനാണ് റോയൽസിന്റെ വിജയം. കൊല്ലം ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കവെയാണ് ട്രിവാൻഡ്രം മറികടന്നത്.
മത്സരത്തിനിടെ റോയൽസിന്റെ നായകൻ കൃഷ്ണ പ്രസാദിനെ പുറത്താക്കാൻ കൊല്ലത്തിന്റെ പേസ് ബൗളർ ഷറഫുദ്ദീൻ നേടിയ ക്യാച്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്. മിഡ് ഓണിന്റെയും മിഡ് വിക്കറ്റിന്റെയും ഇടയിലൂടെ ഉയർത്തിയടിക്കാൻ ശ്രമിച്ച പന്തിനെ ചാടി ഒരു കൈകൊണ്ട് എടുക്കുകയായിരുന്നു ഷറഫുദ്ദീൻ. പറന്നെടുത്ത ക്യാച്ച് സോഷ്യൽ മീഡിയയിലെല്ലാം വൈറലാണ്.
അതേസമയം റോയൽസിനായി റിയ ബഷീർ 62 റൺസ് നേടി. ഗോവിന്ദ് പായ് 27 റൺസും നിഖിൽ എം 26 റൺസും സ്വന്തമാക്കി. 11 പന്തിൽ രണ്ട് സിക്‌സറടക്കം പുറത്തകാതെ 20 റൺസ് നേടിയ അബ്ദുൽ ബാസിത്താണ് ട്രിവാൻഡ്രത്തെ വിജയത്തിലെത്തിച്ചത്.
കൊല്ലത്തിനായി ബിജു നാരായണൻ, അഖിൽ എംഎസ് എന്നിവർ രണ്ട് വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്ലം ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് നേടിയത്. 63 റൺസ് നേടിയ വാത്സാൽ ഗോവിന്ദാണ് ടോപ് സ്‌കോറർ. മൂന്ന് ഫോറും മൂന്ന് സിക്‌സറുമടിച്ചാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഓപ്പണിങ് ബാറ്റർ അഭിഷേക് നായർ 36 പന്തിൽ നിന്നും അഞ്ച് സിക്‌സറും ഒരു ഫോറുമടിച്ച് 53 റൺസ് സ്വന്തമാക്കി. റോയൽസിനായി അഭിജിത്ത് പ്രവീൺ മൂന്ന് വിക്കറ്റ് നേടിയപ്പോൽ ബേസിൽ തമ്പി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
Content Highlights- Sharafudheen's Flying Catch in KCL