
യുഎഇയിൽ ഈ മാസം 25ന് സ്കൂളുകൾ തുറക്കുമെന്നതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ 'ബാക്ക് ടു സ്കൂൾ' പദ്ധതിക്ക് തുടക്കം കുറിച്ച് ദുബായ് പൊലീസ്. എമിറേറ്റിലുടനീളം സേനയെ കൂടുതലായി വിന്യസിക്കുമെന്ന് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ദുബായ് പൊലീസ് പ്രതികരിച്ചു.
ദുബായ് പൊലീസ് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ 750 പേരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ആഡംബര, മൗണ്ടഡ് യൂണിറ്റുകൾ, മോട്ടോർസൈക്കിൾ പട്രോൾ എന്നിവയുൾപ്പെടെ 250 പട്രോൾ സംഘങ്ങളും ഇവർക്ക് പിന്തുണ നൽകും. ഒമ്പത് ഡ്രോണുകളും ഇതിനായി ഉപയോഗിക്കും.
വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ നിരത്തുകളില്‍ വാഹനത്തിരക്ക് കൂടും. ഇതിന് പരിഹാരം കാണുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണ് പൊലീസ് സേനകളുടെ ശ്രമം. സെപ്റ്റംബര്‍ 25 അപകടരഹിതദിനമായി ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക, വേഗപരിധി പാലിക്കുക, സ്കൂൾ ബസുകൾക്ക് വഴിയൊരുക്കുക തുടങ്ങിയ ഗതാഗത നിയമങ്ങൾ ഡ്രൈവർമാർ കർശനമായി പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മധ്യവേനലവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകള്‍ ഈ മാസം 25ന് തുറക്കും. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടുമാസം നീണ്ട വേനലവധിക്ക് ശേഷമാണ് രാജ്യത്ത് വിദ്യാലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Content Highlights: Dubai unveils massive back-to-school student safety plan