
കുവൈത്തിലെ കനത്ത ചൂടിന് വൈകാതെ സമാപനമാകുമെന്ന് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി. ഞായറാഴ്ച സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഹൈല്‍ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യന്‍ ഉപദ്വീപില്‍ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി അറിയിച്ചു.
എല്ലാ വര്‍ഷവും ഓഗസ്റ്റ് 24-ന് പുലര്‍ച്ചെ കിഴക്ക് ദിശയില്‍ ഉദിക്കുന്ന സുഹൈല്‍ നക്ഷത്രം, ചൂടുകാലം അവസാനിക്കുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. അറേബ്യന്‍ ഉപദ്വീപിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഓഗസ്റ്റ് 24-നും കുവൈത്തില്‍ സെപ്റ്റംബര്‍ 5-നുമായിരിക്കും നക്ഷത്രം ദൃശ്യമാവുകയെന്ന് കുവൈത്ത് അസ്‌ട്രോണമി അസോസിയേഷന്‍ തലവന്‍ ആദെല്‍ അല്‍ സാദൂണ്‍ പറഞ്ഞു.
സുഹൈല്‍ കാലഘട്ടം 53 ദിവസം നീണ്ടുനില്‍ക്കും. ഇത് ഒക്ടോബര്‍ 16-ന് ആരംഭിക്കുന്ന 'അല്‍-വസ്മ്' കാലഘട്ടത്തിന് മുന്‍പുള്ള സമയമാണ്. സുഹൈല്‍ നക്ഷത്രത്തിന്റെ വരവോടെ ചൂടിന് നേരിയ ശമനം ലഭിക്കുമെന്നും പകല്‍സമയത്തിന് ദൈര്‍ഘ്യം കുറയുമെന്നും അസ്‌ട്രോണമി വിഭാഗം അറിയിച്ചു. തുടര്‍ന്നുള്ള ആഴ്ചകളില്‍ ചൂടിന്റെ കാഠിന്യം കുറഞ്ഞുവരും. നവംബര്‍ മാസത്തോടെ രാജ്യം കൊടും ശൈത്യത്തിലേക്ക് കടക്കുകയും ചെയ്യും.
Content Highlights: ‘Suhail Star’ will be spotted on Aug 24, signals cooler weather