
യുഎഇയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. സോഷ്യല്‍ മീഡിയയില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കികൊണ്ടാണ് യുഎഇ മീഡിയ കൗണ്‍സിലിന്റെ പുതിയ നിയന്ത്രണം. അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ സൗജന്യമായിരിക്കും.
യുഎഇയിലെ ഡിജിറ്റല്‍ പരസ്യ മേഖലയിലെ സുതാര്യതയും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ് ഫോമുകളിലൂടെ നല്‍ക്കുന്ന പരസ്യങ്ങള്‍ക്കാണ് അഡ്വര്‍ടൈസര്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്ന വ്യക്തികള്‍ക്ക് ഈ പെര്‍മിറ്റ് നിര്‍ബന്ധമാണെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ അറിയിച്ചു.
പേര്‍സണല്‍ അക്കൗണ്ടുകള്‍ വഴിയോ ഏജന്‍സികള്‍ വഴിയോ ഉള്ള എല്ലാത്തരം പ്രമോഷനുകള്‍ക്കും ഇത് ബാധകമാണ്. നേരത്തെ മാധ്യമ മേഖലയില്‍ വരുത്തിയ ചില മാറ്റങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയയില്‍
വരുന്ന ചില പരസ്യങ്ങള്‍ ജനങ്ങള്‍ക്കിടിയില്‍ തെറ്റിദ്ധാരണ പരത്താന്‍ കാരണമാകുന്നുവെന്നാണ് മീഡിയ കൗണ്‍സിലിലിന്റെ നിരീക്ഷണം. നിയമപരമായ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നുണ്ട്.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പരസ്യം ചെയ്യുന്ന വ്യക്തികള്‍ ഉള്ളടക്കം പരസ്യമാണെന്ന് വ്യക്തമായി പറയേണ്ടിവരും. പുതിയ തീരുമാനം യുഎഇയിലെ ഡിജിറ്റല്‍ മാധ്യമ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുന്നതിനും കാരണമാകുമെന്ന് യുഎഇ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കി.
Content Highlights: Social media influencers visiting UAE must secure special permits to advertise