

ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ അപകടത്തിന് പിന്നാലെ യുഎഇയിലെ മിനിബസുകളുടെ സുരക്ഷ വീണ്ടും വലിയ ചർച്ചയാകുന്നു. സാധാരണക്കാരായ പ്രവാസികളും തൊഴിലാളികളും യാത്രയ്ക്കായി ഏറ്റവുമധികം ആശ്രയിക്കുന്ന മിനിബസുകൾ ഹൈവേകളിൽ കടുത്ത സുരക്ഷാഭീഷണിയാണ് ഉയർത്തുന്നതെന്ന് റോഡ് സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസും ആർടിഎയും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
വലിയ ബസുകളെ അപേക്ഷിച്ച് മിനിബസുകളുടെ ഘടനാപരമായ നിർമ്മിതി ദുർബലമാണെന്നും കടുത്ത ആഘാതമുള്ള അപകടങ്ങളിൽ ഇവയ്ക്ക് യാത്രാസുരക്ഷ നൽകാൻ കഴിയില്ലെന്നുമാണ് പ്രധാന കണ്ടെത്തൽ. എമർജൻസി എക്സിറ്റുകളുടെ അഭാവം, ആധുനിക കൊളീഷൻ വാണിംഗ് സംവിധാനങ്ങൾ ഇല്ലാത്തത്, കുറഞ്ഞ സ്ഥലത്ത് കൂടുതൽ സീറ്റുകൾ ക്രമീകരിച്ച് യാത്രക്കാരെ തിങ്ങിനിറയ്ക്കുന്നത് എന്നിവ അപകടങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നു. മുൻകാലങ്ങളിൽ രാജ്യത്തുണ്ടായ വാഹനാപകട മരണങ്ങളിൽ 15 ശതമാനവും മിനിബസുകൾ കാരണമാണെന്ന് ഫെഡറൽ ട്രാഫിക് കൗൺസിലിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ വാഹനങ്ങളായി മിനിബസുകൾ ഉപയോഗിക്കുന്നത് ദുബായ് നേരത്തെ തന്നെ നിരോധിച്ചിരുന്നു.
അപകടങ്ങൾ നിയന്ത്രിക്കാൻ കർശന നടപടികളുമായാണ് നിലവിൽ അധികൃതർ മുന്നോട്ട് പോകുന്നത്. റോഡുകളിലെ പരിശോധന ശക്തമാക്കുന്നതിനൊപ്പം അമിതവേഗത കണ്ടെത്താനുള്ള സ്മാർട്ട് റഡാറുകളും വിന്യസിച്ചിട്ടുണ്ട്. കമ്പനികൾ തങ്ങളുടെ തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയുള്ള പരിശോധനകളും യുഎഇയിൽ സജീവമാണ്.
ഡ്രൈവർമാരുടെ അശ്രദ്ധയും കടുത്ത ക്ഷീണവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്ന് റോഡ് സേഫ്റ്റി യുഎഇ പോലുള്ള സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷ മുൻനിർത്തി യാത്രക്കാരെ കൊണ്ടുപോകുന്ന മിനിബസ് ഡ്രൈവർമാർക്ക് കൃത്യമായ ഇടവേളകളിൽ പുതുക്കാവുന്ന 'കൊമേഴ്സ്യൽ ഡ്രൈവർ സർട്ടിഫിക്കേഷൻ' നിർബന്ധമാക്കണമെന്നാണ് വിദഗ്ധരുടെ പ്രധാന നിർദ്ദേശം. ഒപ്പം വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാൻ ബ്ലാക്ക് ബോക്സ് സംവിധാനങ്ങളും എല്ലാ മിനിബസുകളിലും ലെയ്ൻ ഡിപ്പാർച്ചർ വാണിംഗും എമർജൻസി ബ്രേക്ക് അസിസ്റ്റും നിർബന്ധമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കേവലം വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഡ്രൈവർമാരുടെ ജോലി സമയം നിയന്ത്രിക്കാനും കൃത്യമായ ബോധവത്ക്കരണം നൽകാനും കമ്പനികൾ തയ്യാറാകണമെന്നാണ് വിദഗ്ധരുടെ പക്ഷം.
Content Highlights: A tragic incident on Emirates Road has brought minibus safety in the UAE back into focus. The accident has triggered renewed public and regulatory debate over vehicle safety standards, driver compliance, and passenger protection in shared transport services.