
ലോകത്തിലെ ഏറ്റവും വലിയ ബൊട്ടണിക്കല്‍ ഗാര്‍ഡന്‍ ഒമാനില്‍ ഒരുങ്ങുന്നു. സസ്യ വൈവിധ്യങ്ങളുടെ അപൂര്‍വ ശേഖരം ഉള്‍പ്പെടുത്തിയാണ് ഗാര്‍ഡന്‍ നിര്‍മിക്കുന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ അവസാന ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 500 ഹെക്ടര്‍ വിസ്തൃതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒമാനിലെ അല്‍ ഖൂദില്‍ നിര്‍മ്മിക്കുന്നത്. 1407 ഇനം പ്രാദേശിക ചെടികള്‍ ഇവിടെ ഉണ്ടാകും.
പരമ്പരാഗത ഒമാനി ചെടികളും രാജ്യത്തിന്റെ സസ്യ വൈവിധ്യവും കാര്‍ഷിക പൈതൃകവും ഗാര്‍ഡന്റെ പ്രത്യേകതയാണ്. സന്ദര്‍ശക കേന്ദ്രം, ഒമാനിലെ വിവിധ പരിസ്ഥിതി വിഭാഗങ്ങള്‍, കാര്‍ഷിക നഴ്‌സറി വിഭാഗം, ലബോറട്ടറി, ഗവേഷകരുടെയും കുട്ടികളുടെയും വിഭാഗം തുടങ്ങിയവയും ഗാര്‍ഡനില്‍ ഒരുക്കും. രാജ്യാന്തര ഗവേഷകര്‍ക്കായി പാര്‍പ്പിട കേന്ദ്രങ്ങളും സജ്ജമാക്കുന്നുണ്ട്.
സുല്‍ത്താനേറ്റിലെ ഏറ്റവും തന്ത്രപ്രധാനമായ ഇക്കോ-ടൂറിസം സംരക്ഷണ പദ്ധതികളില്‍ ഒന്നാണിത്. ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മാണ പുരോഗതി മസ്‌കത്ത് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഹുമൈദി വിലയിരുത്തി. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളും ചെയർമാൻ വിശദീകരിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഒമാനിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.
Content Highlights: World's largest botanical garden set to open in Oman