

യുഎസ്-ഇറാൻ സമാധാന കരാർ പ്രഖ്യാപനത്തെ ശുഭാപ്തിവിശ്വാസത്തോടെ സ്വാഗതം ചെയ്ത് യുഎഇയിലെ സ്വദേശികളും പ്രവാസികളും. നൂറുദിവസം നീണ്ടുനിന്ന പ്രാദേശിക അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഹോർമുസ് കടലിടുക്ക് തുറക്കാനും നാവിക ഉപരോധം നീക്കാനും ധാരണയായത് ഗൾഫ് മേഖലയിൽ ആശ്വാസമായി. സാമ്പത്തിക സ്ഥിരതയും കുറഞ്ഞ ജീവിതച്ചെലവും യാത്രാ സൗകര്യങ്ങളും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് യുഎഇയിലെ ജനങ്ങൾ.
മാസങ്ങളായി നിലനിന്നിരുന്ന യുദ്ധഭീതിക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും പുതിയ സമാധാന കരാറിലേക്ക് അടുക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നടത്തിയ നയതന്ത്ര ശ്രമങ്ങളെ ജനങ്ങൾ വലിയ അഭിമാനത്തോടെയാണ് കാണുന്നത്.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതോടെ ആഗോള വ്യാപാരം കൂടുതൽ സുഗമമാകുകയും വിപണി സജീവമാകുകയും ചെയ്യും. പ്രാദേശിക പ്രതിസന്ധികൾക്ക് അയവ് വരുന്നതോടെ ഇന്ധനം, ഭക്ഷണം, വീട്ടുസാധനങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളുടെ വില വൻതോതിൽ കുറയും.വ്യോമാതിർത്തികൾ സാധാരണ നിലയിലാകുന്നതോടെ വിമാന സർവീസുകളുടെ ദൈർഘ്യവും റൂട്ടുകളും പൂർവ്വസ്ഥിതിയിലാകും.
ദീർഘദൂര റൂട്ടുകൾ ഒഴിവാകുന്നതിനാൽ വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറയുകയും ഇത് ടിക്കറ്റ് നിരക്കുകൾ കുറയാൻ സഹായിക്കുകയും ചെയ്യും. മുൻപ് ആശങ്കകൾ കാരണം യാത്രകൾ മാറ്റിവെച്ചവർക്ക് ഇനി യാതൊരുവിധ യാത്രാക്ലേശവുമില്ലാതെ മുന്നോട്ട് പോകാം. പ്രതിസന്ധികൾ നീങ്ങുന്നതോടെ വിപണിയിൽ ബിസിനസ്-നിക്ഷേപക ആത്മവിശ്വാസം ശക്തമായി തിരിച്ചെത്തും.
സാമ്പത്തിക മേഖല കൂടുതൽ കരുത്താർജ്ജിക്കുന്നതിനൊപ്പം പുതിയ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
നീണ്ട നാളത്തെ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ആശങ്കകളിൽ നിന്നും സ്വദേശികൾക്കും പ്രവാസികൾക്കും വലിയൊരു ആശ്വാസമാണ് ഈ കരാർ. ദീർഘകാലാടിസ്ഥാനത്തിലുള്ള സുരക്ഷിതത്വം ഉറപ്പാകുന്നതോടെ ജനങ്ങളുടെ ജീവിതനിലവാരവും ഭാവിയിലെ വളർച്ചാ സാധ്യതകളും വർദ്ധിക്കും.
Content Highlights: The reported US–Iran peace agreement has generated cautious optimism among expatriates, with expectations that reduced geopolitical tensions could support global economic stability. Many believe it may help ease inflationary pressures and gradually improve the cost of living and employment conditions in Gulf and international markets.