സൗദിയിൽ സിക്ക് ലീവ് മാനദണ്ഡങ്ങൾ കർശനമാക്കി; വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചാൽ കനത്ത നടപടി

സൗദി അറേബ്യയിൽ സിക്ക് ലീവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കർശന മാർഗ്ഗനിർദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ളത്

സൗദിയിൽ സിക്ക് ലീവ് മാനദണ്ഡങ്ങൾ കർശനമാക്കി; വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചാൽ കനത്ത നടപടി
dot image

സൗദി അറേബ്യയിൽ സിക്ക് ലീവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കി ആരോഗ്യ മന്ത്രാലയം. ഇനിമുതൽ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കനുസരിച്ച് അവധി നൽകില്ല. പകരം രോഗിയുടെ ആരോഗ്യനില സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ അവധി അനുവദിക്കൂ. അതേസമയം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ചമയ്ക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികളെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയിൽ സിക്ക് ലീവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കർശന മാർഗ്ഗനിർദ്ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ളത്. വെറും അപേക്ഷകളുടെയോ വ്യക്തിപരമായ താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ സിക്ക് ലീവ് നൽകില്ല. രോഗിയുടെ ആരോഗ്യനിലയും ജോലി ചെയ്യാനുള്ള കഴിവിനെ അത് എത്രത്തോളം ബാധിക്കുന്നുവെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ പരിശോധിച്ച് ബോധ്യപ്പെട്ടാൽ മാത്രമേ അവധി അനുവദിക്കൂ. നിശ്ചിത പരിധിയിൽ കൂടുതൽ അവധി വേണ്ടിവരുന്ന സാഹചര്യങ്ങളിൽ മെഡിക്കൽ ബോർഡിന്റെയോ വിദഗ്ധ ഡോക്ടർമാരുടെയോ പ്രത്യേക അനുമതി നിർബന്ധമാണ്.

അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള കൃത്യമായ പരിശോധനയ്ക്ക് ശേഷം ഇലക്ട്രോണിക് സംവിധാനം വഴിയാണ് അവധി രേഖകൾ നൽകേണ്ടത്. ഇവ 'സിഹത്തി' ആപ്പ് വഴി ലഭ്യമാകും. രേഖകളുടെ ആധികാരികത ഉറപ്പുവരുത്താൻ 'സെഹ' പ്ലാറ്റ്‌ഫോമിലെ എൻക്വയറി സേവനം ഉപയോഗിക്കണം. വ്യാജ വെബ്‌സൈറ്റുകളിൽ നിന്നുള്ള ക്യുആർ കോഡുകളെയോ രേഖകളുടെ ചിത്രങ്ങളെയോ മാത്രം വിശ്വസിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ചമയ്ക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികളുണ്ടാകും. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷ. മതിയായ കാരണങ്ങളില്ലാതെ അവധി നൽകുകയോ രേഖകളിൽ കൃത്രിമം കാണിക്കുകയോ ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് 50,000 റിയാൽ വരെ പിഴയും ലൈസൻസ് റദ്ദാക്കലും നേരിടേണ്ടിവരും. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന ടോൾ ഫ്രീ നമ്പറിൽ വിവരമറിയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Saudi Arabia has tightened sick leave regulations, warning of strict penalties for anyone found issuing or using fake medical leave certificates.

dot image
To advertise here,contact us
dot image