'അമ്മേ പിണറായി വരുമോ...', പിണറായി വിജയനെ കാണാന്‍ കൊതിച്ച കുഞ്ഞ് ഫിദല്‍; സമരപ്പന്തലിലെ കുഞ്ഞ് സഖാവ്

കാലടി സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് എത്തിയ പിണറായി വിജയന് ഫിദൽ അഭിവാദ്യമർപ്പിച്ചിരുന്നു

'അമ്മേ പിണറായി വരുമോ...', പിണറായി വിജയനെ കാണാന്‍ കൊതിച്ച കുഞ്ഞ് ഫിദല്‍; സമരപ്പന്തലിലെ കുഞ്ഞ് സഖാവ്
രതി വി കെ
1 min read|13 Nov 2026, 03:10 pm
dot image

വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ പ്രതികാര നടപടിക്കെതിരെ നിരാഹാരമനുഷ്ഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് എത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ച കുഞ്ഞ് സഖാവിന്റെ വീഡിയോ മനംനിറയ്ക്കുന്നതാണ്. കാലടി സര്‍വകലാശാലയില്‍ സംസ്‌കൃതം വേദാന്തത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ജിംനയുടെ മകനാണ് ആറ് വയസുകാരനായ ഫിദല്‍. സസ്‌പെന്‍ഷന്‍ നേരിട്ട പതിനാറ് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിംന ഇവിടെയുണ്ട്, ഒപ്പം ഫിദലും.

Fidal and Pinarayi Vijayan
പിണറായി വിജയന് അഭിവാദ്യമർപ്പിക്കുന്ന ഫിദൽ

വാര്‍ത്തകളിലും മറ്റും കാലടിയെപ്പറ്റി കേള്‍ക്കുമ്പോള്‍ ഫിദല്‍ അതേപ്പറ്റി ചോദിച്ചിരുന്നതായി ജിം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'ചേച്ചിമാര്‍ക്കും ചേട്ടന്മാര്‍ക്കുമൊന്നും പരീക്ഷ എഴുതാന്‍ പറ്റുന്നില്ല' എന്ന് അവന് പറഞ്ഞുകൊടുത്തു. അപ്പോള്‍ 'എന്തുകൊണ്ടാ അവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്തത്' എന്ന് അവന്‍ തിരിച്ചു ചോദിച്ചു. കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ അവന്‍ ശ്രമിച്ചുവെന്നും ജിംന പറഞ്ഞു. താന്‍ സമരപ്പന്തലില്‍ വരുമ്പോഴൊക്കെ അവനെയും കൊണ്ടുവന്നിരുന്നു. ആളുകളെ കാണുന്നതും സംസാരിക്കുന്നതും ഇഷ്ടമായതുകൊണ്ട് അവന്‍ താത്പര്യത്തോടെ തന്നെ ഒപ്പം വന്നു. സമരത്തിന് പിന്തുണ അറിയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി വന്നഘട്ടത്തിലും അവന്‍ അഭിവാദ്യം അറിയിച്ചിരുന്നു. നേതാക്കാന്മാര്‍ വരുന്ന ഘട്ടത്തില്‍ 'പിണറായി' വരുമോ എന്ന് അവന്‍ ചോദിച്ചിരുന്നു. വരുമെന്ന് താന്‍ മറുപടി നല്‍കി. ഇതിന് ശേഷമാണ് പിണറായി സഖാവ് വരുമെന്ന് അറിഞ്ഞത്. അത് കേട്ടപ്പോള്‍ അവന് ആവേശമായെന്നും ജിംന പറഞ്ഞു.

Fidal
ഫിദൽ

കാലടി സര്‍വകലാശാലയിലെ സമരവുമായി ബന്ധപ്പെട്ടും ജിംന പ്രതികരിച്ചു. എന്തുകൊണ്ട് ഇപ്പോള്‍ സമരം എന്നാണ് പലരും ചോദിക്കുന്നതെന്ന് ജിംന പറഞ്ഞു. 2015-16 കാലഘട്ടത്തില്‍ സംസ്‌കൃത സര്‍വകലാശാലയില്‍ എംഫില്‍ ചെയ്ത ആളാണ് താന്‍. തീയറ്ററുമായി ബന്ധമുള്ള ആളുകൂടിയാണ്. സംസ്‌കൃത സര്‍വകലാശാലയിലെ തീയറ്റര്‍ വിഭാഗം വിദ്യാര്‍ത്ഥികളുമായി ഇപ്പോഴും സൗഹൃദം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അവിടത്തെ സാഹചര്യങ്ങള്‍ അറിയാം. അവര്‍ പറയുന്നതിലെ സത്യാവസ്ഥ അറിയാം. എന്നാല്‍ സത്യാവസ്ഥ എന്താണെന്ന് അറിയാതെയാണ് പൊതുസമൂഹം ഇതിനോട് പ്രതികരിക്കുന്നത്. അത്തരത്തിലുള്ള പ്രതികരണം ഉയരുമ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും ജിംന വ്യക്തമാക്കി.

Fidal
ഫിദൽ

'കോടതിയില്‍ കേസുമായി പോകേണ്ടതിന്റെ പത്തിലൊന്ന് ചെലവില്ലല്ലോ വെള്ളക്കടലാസില്‍ ഒരു മാപ്പപേക്ഷ എഴുതികൊടുക്കാന്‍' എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന്റെ പ്രതികരണത്തിലും ജിംന പ്രതികരിച്ചു. 'സാറിന് അങ്ങനെ പറയാം' എന്നായിരുന്നു ജിംന പറഞ്ഞത്. ചെയ്യാത്ത തെറ്റിന് മാപ്പ് എഴുതി നല്‍കിയാകും മന്ത്രിക്ക് ശീലം. തങ്ങള്‍ പേപ്പര്‍ പഠിക്കാനാണ് ഉപയോഗിക്കുന്നത്. അഭിമാനം പണയംവെച്ച് തലകുനിച്ച് മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്നും ജിംന കൂട്ടിച്ചേര്‍ത്തു.

Fidal and family
ഫിദലും കുടുംബവും

കാലടിയിലാണ് കുഞ്ഞ് ഫിദലും കുടുംബവും താമസിക്കുന്നത്. കാലടിയിലുള്ള ആശ്രമം സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിയാണ് ഫിദല്‍. അച്ഛന്‍ പ്രഷീണ്‍ ജി പയ്യോളി, തൃശൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. ക്യൂബന്‍ വിപ്ലവ പോരാളി ഫിദലിന്റെ പേര് മകന് തെരഞ്ഞെടുത്തത് പ്രഷീണ്‍ ആണ്.

Content Highlights-Young Fidel, a child present at the protest venue, eagerly hoped to see Pinarayi Vijayan. The child's wish to meet the Chief Minister became a notable moment at the protest site, drawing attention to the young supporter.

dot image
To advertise here,contact us
dot image