

ഒമാനിലെ പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം ശൂറാ കൗൺസിൽ ബ്യൂറോ പരിശോധിച്ചു. രാജ്യത്തിന്റെ ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ, പ്രവാസികളുടെ യഥാർത്ഥ വരുമാനവും അവർ വിദേശത്തേക്ക് അയക്കുന്ന തുകയും തമ്മിൽ ബന്ധിപ്പിച്ച് നിരീക്ഷണം ഏർപ്പെടുത്തുന്നതാണ് ഈ നിർദ്ദേശം. ശൂറാ കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ ഹിലാൽ അൽ മഅ്‌വലിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിന്റെ വാർഷിക സമ്മേളന യോഗത്തിലാണ് വിഷയം വിശദമായി ചർച്ചയായത്.
അതേസമയം, പ്രവാസികളുടെ പണമയക്കലിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ഈ നിർദേശത്തിന് കൗൺസിൽ ഇതുവരെ ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ലെന്നും വിഷയത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിർദേശത്തിന്റെ പ്രായോഗികതയും വിശദാംശങ്ങളും അറിയുന്നതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നും അധികാരികളിൽ നിന്നും വിശദീകരണം തേടുന്നതിനുള്ള അപേക്ഷ മാത്രമാണ് നിലവിൽ ബ്യൂറോ പരിഗണിച്ചതെന്ന് കൗൺസിൽ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ നിലവിലെ പണമയക്കൽ സംവിധാനങ്ങളിൽ പെട്ടെന്നുള്ള മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നും അധികൃതർ സൂചിപ്പിച്ചു.
Content Highlights: Oman's Shura Council has reviewed a proposal to regulate money transfers by expatriates. The proposal aims to introduce restrictions on expat remittances.