

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'സീനി'ന് മികച്ച പ്രേക്ഷക പ്രതികരണം. സൂര്യയുടെയും ജിത്തു മാധവന്റെയും ഹാട്രിക്ക് ഹിറ്റായി മാറിയിരിക്കുകയാണ് സീന്‍. ചിത്രത്തിൽ 'മാമി' എന്ന കിടിലൻ കഥാപാത്രമായി എത്തിയ തിലഗവതി, നസ്‌ലെനൊപ്പമുള്ള രസകരമായ ഷൂട്ടിങ് അനുഭവങ്ങളും സൂര്യയുടെ അഭിനന്ദനത്തെക്കുറിച്ചും മനസ് തുറക്കുന്നു. നക്കലൈറ്റ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ നടിയാണ് തിലഗവതി.
‘നസ്‌ലെനുമൊത്തുള്ള ഷൂട്ട് നല്ല രസമായിരുന്നു. അവന്‍ മലയാളിയായതുകൊണ്ട് എനിക്ക് അറിയാവുന്ന മലയാളത്തില്‍ സംസാരിക്കാന്‍ ശ്രമിച്ചു. ‘ഊണ് കഴിച്ചാച്ചാ’ എന്ന് ചോദിച്ചപ്പോള്‍ ‘ആ മാമി സാപ്പിട്ടാച്ച്’ എന്ന് തമിഴില്‍ മറുപടി തരും. ഷൂട്ട് ഇല്ലാത്ത സമയത്ത് എനിക്ക് മലയാളം പഠിപ്പിച്ച് തരുന്നതായിരുന്നു അവന്റെ പ്രധാന ജോലി.
നസ്‌ലെന്റെ തമിഴ് കേള്‍ക്കാന്‍ തന്നെ രസമാണ്. കേരളത്തിലേക്ക് വരുന്നതിന് മുമ്പ് മലയാളം നല്ല രീതിയില്‍ പഠിക്കാന്‍ നസ്‌ലെന്‍ സഹായിച്ചു. അവന്റെ കൂടെയായിരുന്നു എനിക്ക് കൂടുതല്‍ കോമ്പിനേഷന്‍ സീന്‍. വലിയ സ്റ്റാറായിരുന്നിട്ടും അതിന്റെ ഇമേജൊന്നും നസ്‌ലെന് ഇല്ല. ഒന്നിച്ചുള്ള ഷൂട്ടൊക്കെ നല്ല രസമായിരുന്നു,’ തിലഗവതി പറയുന്നു. ചിത്രത്തില്‍ സൂര്യയുമായി തനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നെന്നും താരം പറഞ്ഞു. ആകെ ഒരു സീനില്‍ മാത്രമാണ് തങ്ങള്‍ ഒന്നിച്ച് ക്യാമറക്ക് മുന്നില്‍ എത്തുന്നതെന്നും തന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് സൂര്യ തന്നെ അഭിനന്ദിച്ചെന്നും തിലഗവതി കൂട്ടിച്ചേര്‍ത്തു. സിനിമാ വികടന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സീന്‍. സൂര്യയുടെ കറുപ്പിനും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനും ശേഷം എത്തുന്ന ചിത്രമാണിത്. സീന്‍.ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. സ്‌റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് പ്രേക്ഷക അഭിപ്രായം. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
മലയാളി താരം നസ്ലന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്.
'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റര്‍ മലയാള ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് 'സീന്‍'. ജിത്തു മാധവനും സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാമും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുഷിന്‍ ശ്യാം ആദ്യമായി സംഗീതം ഒരുക്കുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Content Highlights: Thilagavathi, who plays Mami in the movie Scene, shares memorable experiences from the film's sets. She also talks about the appreciation she received from actor Suriya and her experience working on the project.