സൗദിയിൽ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

ശക്തമായ മഴ മൂലം മലവെള്ളപ്പാച്ചിലിനും തീരദേശ മേഖലകളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്

സൗദിയിൽ അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; വിവിധ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം
dot image

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ ശക്തമായ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും ആലിപ്പഴ വർഷവും ചിലയിടങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്.

ജാസാൻ, അസീർ, അൽ ബാഹ, മക്ക, മദീന, ഹായിൽ, റിയാദ്, ഖസീം, ഈസ്റ്റേൺ പ്രൊവിൻസ്, നജ്‌റാൻ എന്നീ പ്രവിശ്യകളിൽ മിതമായതോ ശക്തമായതോ ആയ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടാതെ അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, തബൂക്ക് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.

ജാസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിൽ ചൊവ്വ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകും. മക്ക നഗരം, ത്വായിഫ്, ജിദ്ദ, റാബിഗ്, മദീന, അൽ ഉല തുടങ്ങി പ്രമുഖ നഗരങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നുണ്ട്. റിയാദ്, ഖസീം, ഹായിൽ, കിഴക്കൻ പ്രവിശ്യ (ദമാം ഉൾപ്പെടെ) എന്നിവിടങ്ങളിലും ആഴ്ചയിലുടനീളം മഴ പെയ്യും.

ശക്തമായ മഴ മൂലം മലവെള്ളപ്പാച്ചിലിനും തീരദേശ മേഖലകളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കാറ്റും പൊടിപടലങ്ങളും കാഴ്ചപരിധി കുറയ്ക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ്, 'അൻവാ' (Anwaa) വെതർ ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ആഴ്ചയിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക സൂചനകൾ.

Content Highlights: Saudi Arabia warns of heavy rain, thunderstorms, hail and flash floods across several regions, urging residents to follow safety precautions.

dot image
To advertise here,contact us
dot image