നിയമവ്യവസ്ഥയിലെ നീതികേടുകളോട് കലഹിച്ച ന്യായാധിപന്‍; കര്‍ണന്‍ വിടപറയുമ്പോള്‍

നീതിന്യായവ്യവസ്ഥയിലെ ജാതിവിവേചനത്തോട് നിരന്തരം കലഹിച്ച കര്‍ണന്‍, സഹന്യായാധിപന്മാര്‍ക്കും സുപ്രീം കോടതിക്കും എതിരെ നടത്തിയ അസാധാരണമായ നടപടികള്‍ ഇന്ത്യയുടെ ജുഡീഷ്യറി ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു.

നിയമവ്യവസ്ഥയിലെ നീതികേടുകളോട് കലഹിച്ച ന്യായാധിപന്‍; കര്‍ണന്‍ വിടപറയുമ്പോള്‍
dot image

'ന്യായാധിപന്റെ കുപ്പായമണിഞ്ഞ് നിയമവ്യവസ്ഥയിലെ നീതികേടുകളോട് കലഹിച്ച പോരാളി', ജസ്റ്റിസ് സി എസ് കര്‍ണന്‍ എന്ന ചിന്നസ്വാമി സ്വാമിനാഥന്‍ കര്‍ണന്റെ ന്യായാധിപ ജീവിതത്തെ ഒറ്റ വരിയില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. നീതിന്യായവ്യവസ്ഥയിലെ ജാതിവിവേചനത്തോട് നിരന്തരം കലഹിച്ച കര്‍ണന്‍, സഹന്യായാധിപന്മാര്‍ക്കും സുപ്രീം കോടതിക്കും എതിരെ നടത്തിയ അസാധാരണമായ നടപടികള്‍ ഇന്ത്യയുടെ ജുഡീഷ്യറി ചരിത്രത്തില്‍ സമാനതകളില്ലാത്തതായിരുന്നു. സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടി നേരിട്ട, തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ സിറ്റിങ് ഹൈക്കോടതി ജഡ്ജിയായാണ് കര്‍ണന്‍ ചരിത്രത്തിന്റെ ഭാഗമായത്. അധികാരവും നിയമവും തമ്മിലുള്ള അസാധാരണമായ ഏറ്റുമുട്ടലിന്റെ 'കഥ' കൂടിയായിരുന്നു അത്.

Justice CS Karnan
ജസ്റ്റിസ് സി എസ് കര്‍ണന്‍

ആരായിരുന്നു കര്‍ണന്‍

1955ല്‍ തമിഴ്‌നാട്, കടലൂരിലെ കര്‍ണതം ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തിലാണ് കര്‍ണന്റെ ജനനം. സ്വാമിനാഥന്റെയും കമലത്തിന്റെയും എട്ടുമക്കളില്‍ രണ്ടാമനായിരുന്നു. കരുണാനിധി എന്നായിരുന്നു അദ്ദേഹത്തിന് മാതാപിതാക്കള്‍ നല്‍കിയ പേര്. ശേഷം പങ്കാളി സരസ്വതിയുടെ നിര്‍ദേശപ്രകാരം 1991ല്‍ പേര് കര്‍ണന്‍ എന്നാക്കി മാറ്റി.

Justice Karnan

കടലൂരിലെ മംഗലംപേട്ട് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും വിരുതാചലം ആര്‍ട്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. സിവില്‍, ക്രിമിനല്‍, ഭരണഘടനാ വിഷയങ്ങള്‍, സര്‍വീസ് സംബന്ധമായ കേസുകള്‍ എന്നിവ കൈകാര്യം ചെയ്തിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനായും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലായും പ്രവര്‍ത്തിച്ചു.

വിരമിച്ച മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലിയുടെ നിര്‍ദേശപ്രകാരം 2009 മാര്‍ച്ച് 31ന് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2011 മാര്‍ച്ച് 29ന് സ്ഥിരം ജഡ്ജിയായും ചുമതലയേറ്റു.

Justice AK Ganguly
ജസ്റ്റിസ് എ കെ ഗാംഗുലി

പോരാട്ടം - നീതിന്യായവ്യവസ്ഥയിലെ ജാതി വിവേചനത്തിനെതിരെ

ദളിത് പശ്ചാത്തലത്തില്‍നിന്ന് രാജ്യത്തെ ഉന്നത നീതിന്യായ സംവിധാനത്തിന്റെ ഭാഗമായതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ല്. എന്നാല്‍ അതേ നീതിന്യായസംവിധാനത്തില്‍ ജാതിവിവേചനം നേരിടുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.

2011ല്‍ സഹന്യായാധിപന്മാര്‍ക്കെതിരെ ജാതിവിവേചനവും പീഡനവും ആരോപിച്ച് അദ്ദേഹം ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനെ സമീപിച്ചു. ഒരു ഹൈക്കോടതി ജഡ്ജി സഹന്യായാധിപന്മാര്‍ക്കെതിരെ ഇത്തരമൊരു പരാതി നല്‍കിയത് ദേശീയതലത്തില്‍ പോലും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. മദ്രാസ് ഹൈക്കോടതിയിലെ സഹപ്രവര്‍ത്തകര്‍ താനൊരു ദളിതനായതിന്റെ പേരില്‍ അപമാനിക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 2015ലും 2016ലും അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

JUstice Karnan

ഹൈക്കോടതിയുടെ ഭരണപരമായ ചുമതലകളിലും പരിപാടികളിലും ദളിത് ജഡ്ജിമാരെ അവഗണിക്കുന്നുവെന്നും ജഡ്ജിമാരുടെ നിയമനത്തില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 2016 ഒക്ടോബറില്‍ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ സഹന്യായാധിപന്മാരില്‍ നിന്ന് താന്‍ നേരിട്ട അധിക്ഷേപങ്ങളെയും സാമൂഹിക ബഹിഷ്‌കരണത്തെയും കുറിച്ച് വിശദീകരിച്ചു. ഇതിനെ 'സോഷ്യല്‍ ബോയ്കോട്ട്', 'റാഗിങ്' തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

പോരാട്ടം - സഹന്യായാധിപന്‍മാര്‍ക്കെതിരെ

2014 ജനുവരി എട്ടിന് മദ്രാസ് ഹൈക്കോടതിയിലെ സംഭവവികാസങ്ങളാണ് ജസ്റ്റിസ് കര്‍ണന്റെ പേര് വീണ്ടും ചര്‍ച്ചകളുടെ ഭാഗമാക്കിയത്. ഹൈക്കോടതിയിലേക്ക് അഡീഷണല്‍ ജഡ്ജിമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത പേരുകളെ ചോദ്യം ചെയ്തുകൊണ്ട്, അദ്ദേഹം മറ്റൊരു ബെഞ്ച് നടപടികള്‍ നടത്തിക്കൊണ്ടിരുന്ന കോടതിമുറിയിലേക്ക് കടന്നുചെല്ലുകയായിരുന്നു. ഈ നിയമനപ്രക്രിയ നീതിപൂര്‍വമല്ലെന്നും തീര്‍ത്തും പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു.

2015ല്‍ മദ്രാസ് ഹൈക്കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് കെ കൗളിനെതിരെയും കര്‍ണന്‍ പരസ്യമായി രംഗത്തെത്തി. ജാതിയുടെ പേരില്‍ തന്നെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നുവെന്നായിരുന്നു ആരോപണം.

SK Kaul
എസ് കെ കൗള്‍

തുടര്‍ച്ചയായ ഇത്തരം ഏറ്റുമുട്ടലുകള്‍ക്കിടെ 2016 ഫെബ്രുവരിയില്‍ അദ്ദേഹത്തെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ സ്ഥലംമാറ്റത്തെയും അദ്ദേഹം അംഗീകരിച്ചില്ല.

Culcutta High Court
കല്‍ക്കട്ട ഹൈക്കോടതി

സ്ഥലംമാറ്റ ഉത്തരവ് സ്വയം സ്റ്റേ ചെയ്ത അദ്ദേഹം അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. സുപ്രീം കോടതി കര്‍ണന്‍ സ്വമേധയാ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് റദ്ദാക്കി. പിന്നീട് 2016 മാര്‍ച്ച് 11ന് അദ്ദേഹം കല്‍ക്കട്ട ഹൈക്കോടതിയില്‍ ചുമതലയേറ്റു. ഇതോടെ ഒരു ഹൈക്കോടതി ജഡ്ജിയും രാജ്യത്തെ പരമോന്നത കോടതിയും തമ്മിലുള്ള അസാധാരണമായ ഏറ്റുമുട്ടലിന് കൂടിയാണ് തുടക്കം കുറിച്ചത്.

വലിയ പോരാട്ടങ്ങളും വിവാദങ്ങളും

2017 ജനുവരിയില്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും സിറ്റിങ്ങിലുള്ളതും വിരമിച്ചതുമായ ഇരുപത് ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. ജുഡീഷ്യറിയിലെ അഴിമതിക്കാരുടെ ആദ്യ പട്ടികയാണെന്ന് സൂചിപ്പിച്ച് അദ്ദേഹം പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാറിനും കത്തെഴുതി. ഇവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

JS Khehar
ജെ എസ് ഖേഹാർ

ഈ നടപടിയെ തുടര്‍ന്ന്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായി ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കേസെടുത്തത്. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച രീതി മാത്രമല്ല, അതിനുപിന്നാലെ അദ്ദേഹം സ്വീകരിച്ച നടപടികളും വലിയ പ്രതിസന്ധിക്ക് വഴിവെച്ചു.

സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു. 2017 ഫെബ്രുവരി എട്ടിന് ഏഴംഗ ഭരണഘടനാ ബെഞ്ച് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എന്നാല്‍ സുപ്രീം കോടതി നടപടികളോട് സഹകരിക്കാതെ കര്‍ണന്‍ പരമോന്നത നീതിപീഠവുമായി തുറന്ന യുദ്ധത്തിനൊരുങ്ങി. തനിക്കെതിരെ നടപടിയെടുത്ത സുപ്രീം കോടതി ബെഞ്ചിലെ ഏഴ് ജഡ്ജിമാരും കോടതിയില്‍ ഹാജരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്നത്തെ ചീഫ് ജസ്റ്റിസ് ഖേഹാര്‍ ഉള്‍പ്പെടെയുള്ള സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുന്നത് അടക്കമുള്ള നടപടികളിലേക്കാണ് അദ്ദേഹം കടന്നത്.

2017 മേയ് എട്ടിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്ന തരത്തിലുള്ള ഉത്തരവും പുറപ്പെടുവിച്ചു. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള നടപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇതോടെ ഒരു ഹൈക്കോടതി ജഡ്ജി സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന അസാധാരണമായ സാഹചര്യമാണ് രൂപപ്പെട്ടത്. എന്നാല്‍ കര്‍ണന്റെ ഈ ഉത്തരവുകള്‍ക്ക് നിയമപരമായ സാധുതയുണ്ടായിരുന്നില്ല.

തുടര്‍ന്ന് നടന്ന നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ 2017 മെയ് ഒമ്പതിന് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്ക് ജയില്‍ ശിക്ഷ ലഭിക്കുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായിരുന്നു. വിധി വന്നതിന് പിന്നാലെ അദ്ദേഹം ഒളിവില്‍ പോയി. ഒളിവിലിരിക്കെത്തന്നെ 2017 ജൂണ്‍ 12ന് അദ്ദേഹം ഔദ്യോഗികമായി സര്‍വീസില്‍ നിന്ന് വിരമിച്ചു. പിന്നീട് ജൂണ്‍ 20ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലടയ്ക്കുകയും ചെയ്തു. ആറുമാസത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2017 ഡിസംബറില്‍ ജയില്‍ മോചിതനായി.

Justice Karnan coming out of jail
ജയിലില്‍ നിന്നും പുറത്തുവരുന്ന കർണന്‍

വിരമിച്ച ശേഷവും അവസാനിക്കാത്ത വിവാദങ്ങള്‍

ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം കര്‍ണന്‍ പൊതുജീവിതത്തില്‍ സജീവമായിരുന്നു. 2018 മേയില്‍ അദ്ദേഹം സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവും പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനേക്കാള്‍ തുടര്‍ന്നുള്ള പ്രസ്താവനകളും നടപടികളുമാണ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

2020 ഡിസംബറില്‍ ജഡ്ജിമാര്‍ക്കും വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുമെതിരെ അപകീര്‍ത്തികരവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ചെന്നൈ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചെങ്കിലും മാര്‍ച്ചില്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചു.

2024 ഡിസംബറില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നീതിന്യായവ്യവസ്ഥയ്ക്കുമെതിരെ പരസ്യപ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് അദ്ദേഹത്തെ വിലക്കണമെന്നാവശ്യപ്പെട്ട് 2011ല്‍ നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. ഹരജി നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ബാക്കിവെച്ച പോരാട്ടങ്ങള്‍

നീതിന്യായവ്യവസ്ഥയിലെ ജാതിവിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയതും സഹന്യായാധിപന്മാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതും സുപ്രീം കോടതിയുമായി നേരിട്ട് ഏറ്റുമുട്ടിയതുമെല്ലാം കര്‍ണനെ എന്നും വാര്‍ത്തകളില്‍ നിറച്ചിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകളും നടപടികളും ഒരുപോലെ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. നീതിന്യായവ്യവസ്ഥയ്ക്കുള്ളിലെ ജാതിവിവേചനത്തെക്കുറിച്ച് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്കും അതിനെതിരെ സ്വീകരിച്ച വഴികള്‍ക്കും ഇന്നും പലവിധ വ്യാഖ്യാനങ്ങളുണ്ട്. 71ാം വയസ്സില്‍ കര്‍ണന്‍ വിടവാങ്ങുമ്പോള്‍, ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ഏറെ അസാധാരണമായ ഒരു ജീവിതത്തിനാണ് അന്ത്യമാകുന്നത്.

Content highlight: Justice CS Karnan, the former Madras and Calcutta High Court judge, remained a controversial figure in Indian judicial history for his allegations of caste discrimination within the judiciary, corruption charges against fellow judges and unprecedented confrontation with the Supreme Court. From his six-month imprisonment in a contempt case to his post-retirement political activities and controversies, Karnan's life reflected a turbulent chapter in India's judicial history.

dot image
To advertise here,contact us
dot image