വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്; മോട്ടോറിന് കേടുപാടുകൾ സംഭവിക്കാം

വാഷിംഗ് മെഷീന്‍ ദീര്‍ഘകാലം കേടുകൂടാതെ ഉപയോഗിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

വാഷിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്; മോട്ടോറിന് കേടുപാടുകൾ സംഭവിക്കാം
dot image

വസ്ത്രങ്ങള്‍ കഴുകുന്നത് എളുപ്പമാക്കാന്‍ മിക്ക വീടുകളിലും ഇന്ന് വാഷിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. തുണികള്‍ മെഷീനിലിട്ട് ഡിറ്റര്‍ജന്റും ചേര്‍ത്ത് ബട്ടണ്‍ അമര്‍ത്തിയാല്‍ ജോലി കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഉപയോഗത്തിലെ ചില ചെറിയ അശ്രദ്ധകള്‍ മെഷീന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പിന്നീട് അത് നന്നാക്കാനായി അധിക പണം ചെലവാക്കേണ്ട സാഹചര്യമുണ്ടാക്കുകയും ചെയ്യാം.

വാഷിംഗ് മെഷീന്‍ ദീര്‍ഘകാലം കേടുകൂടാതെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

തുണികള്‍ അമിതമായി കുത്തി നിറയ്ക്കരുത്

ഒരേസമയം കൂടുതല്‍ തുണികള്‍ കഴുകി സമയവും വൈദ്യുതിയും ലാഭിക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ മെഷീന്റെ ശേഷിക്കപ്പുറം തുണികള്‍ നിറയ്ക്കരുത്. ഓരോ വാഷിംഗ് മെഷീനും നിശ്ചിത ലോഡ് കപ്പാസിറ്റിയുണ്ട്. 6 കിലോ, 7 കിലോ, 8 കിലോ എന്നിങ്ങനെ. ഇത് കണക്കിലെടുത്തുവേണം മെഷീനില്‍ തുണികള്‍ നിറയ്ക്കാന്‍. തുണികള്‍ നിറഞ്ഞുകവിഞ്ഞാല്‍ ഡ്രമ്മിന് സുഗമമായി കറങ്ങാന്‍ കഴിയാതെ വരാം. ഇത് മെഷീനിലെ മോട്ടോറിലും മറ്റ് ഭാഗങ്ങളിലും അധിക സമ്മര്‍ദമുണ്ടാക്കാം. പുതപ്പ്, കട്ടിയുള്ള ജാക്കറ്റ് തുടങ്ങിയവ വെള്ളം ആഗിരണം ചെയ്യുമ്പോള്‍ കൂടുതല്‍ ഭാരമുള്ളതാകുന്നതിനാല്‍ അവ കഴുകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

washing machine

വസ്ത്രങ്ങളുടെ പോക്കറ്റുകളില്‍ എന്തെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിക്കുക

പാന്റിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റുകളില്‍ നാണയങ്ങള്‍, താക്കോലുകള്‍, ഹെയര്‍ ക്ലിപ്പുകള്‍, സേഫ്റ്റി പിന്നുകള്‍ തുടങ്ങിയവ മറന്നുവയ്ക്കുന്നത് പതിവാണ്. ഇത്തരം വസ്തുക്കള്‍ മെഷീനിനുള്ളില്‍ കുടുങ്ങിയാല്‍ ഡ്രമ്മിനോ വെള്ളം പുറത്തേക്കൊഴുക്കുന്ന പമ്പിനോ തടസ്സമുണ്ടാകാം. ചെറിയ സോക്‌സുകള്‍, തൂവാലകള്‍ തുടങ്ങിയവയും മെഷീനിന്റെ ചില ഭാഗങ്ങളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ തുണികള്‍ മെഷീനിലിടുന്നതിന് മുമ്പ് അവയുടെ പോക്കറ്റുകള്‍ പരിശോധിക്കുക. ഇത്തരം ചെറിയ വസ്ത്രങ്ങള്‍ കഴുകാന്‍ അനുയോജ്യമായ നെറ്റ് ലോണ്‍ട്രി ബാഗുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

അനുയോജ്യമായ ഡിറ്റര്‍ജന്റ് ഉപയോഗിക്കണം

വാഷിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റിന്റെ കാര്യത്തിലും ശ്രദ്ധ ആവശ്യമാണ്. സാധാരണയായി കൈകൊണ്ട് തുണി കഴുകാന്‍ ഉപയോഗിക്കുന്ന ചില ഡിറ്റര്‍ജന്റുകള്‍ അമിതമായി പതയാന്‍ സാധ്യതയുണ്ട്. അധികം പതയുന്നത് കഴുകല്‍ പ്രക്രിയയെ ബാധിക്കുകയും ചില മെഷീനുകളില്‍ കേടുപാടുകള്‍ സൃഷ്ടിക്കുകയും ചെയ്യാം. അതുകൊണ്ട് മെഷീന്റെ തരം അനുസരിച്ച് ഡിറ്റര്‍ജന്റ് തിരഞ്ഞെടുക്കണം. ഡിറ്റര്‍ജന്റ് കൂടുതല്‍ ചേര്‍ത്താല്‍ തുണികള്‍ കൂടുതല്‍ വൃത്തിയാകുമെന്ന ധാരണയും ശരിയല്ല. തുണികളുടെ അളവും അഴുക്കിന്റെ തോതും കണക്കിലെടുത്ത് വേണം ഡിറ്റര്‍ജന്റ് ഉപയോഗിക്കാന്‍.

washing machine

ഫില്‍ട്ടര്‍ വൃത്തിയാക്കാന്‍ മറക്കരുത്

തുണികളില്‍നിന്ന് വേര്‍പെടുന്ന നൂലുകള്‍, നാരുകള്‍, ചെറിയ അഴുക്കുകള്‍ എന്നിവ മെഷീനിലെ ഫില്‍ട്ടറില്‍ അടിഞ്ഞുകൂടാം. ഇത് പതിവായി വൃത്തിയാക്കാതിരുന്നാല്‍ വെള്ളം പുറത്തേക്കൊഴുകുന്നതിന് തടസ്സമുണ്ടാകാം. വെള്ളം ശരിയായി ഒഴുകിപ്പോകാത്തതും തകരാറുകള്‍ക്ക് കാരണമാകാം. മെഷീനില്‍ ഫില്‍ട്ടര്‍ എവിടെയാണെന്നും എങ്ങനെ വൃത്തിയാക്കണമെന്നും Instruction Manual പരിശോധിച്ചാല്‍ മനസിലാകും. ചില മോഡലുകളില്‍ ഫില്‍ട്ടര്‍ വൃത്തിയാക്കുന്ന രീതി വ്യത്യസ്തമായിരിക്കും.

മെഷീനില്‍ നിന്ന് വരുന്ന അസാധാരണ ശബ്ദവും വിറയലും

മെഷീന്‍ പ്രവര്‍ത്തിക്കുമ്പോള്‍ പതിവില്ലാത്ത ശബ്ദം കേള്‍ക്കുക, അമിതമായി വിറയ്ക്കുക, ഡ്രം കറങ്ങാതിരിക്കുക, വെള്ളം പുറത്തേക്ക് പോകാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന ആവശ്യമാണ്. ഇങ്ങനെ സംഭവിച്ചാല്‍ ആദ്യം മെഷീന്‍ നിര്‍ത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുക. തുണികള്‍ ഒരുവശത്ത് കൂടിക്കിടക്കുന്നതാണോ എന്ന് സുരക്ഷിതമായി പരിശോധിക്കാം. വീണ്ടും പ്രശ്‌നം തുടരുകയാണെങ്കില്‍ സര്‍വീസ് ടെക്‌നീഷ്യന്റെ സഹായം തേടണം. നിങ്ങള്‍ മോട്ടോര്‍ സ്വയം അഴിച്ചുനോക്കുകയോ വൈദ്യുത ഭാഗങ്ങളില്‍ പരിശോധന നടത്തുകയോ ചെയ്യരുത്.

washing machine

മെഷീന്‍ വൃത്തിയാക്കണം

വാഷിംഗ് മെഷീന്‍ പുറമേ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം അകത്തെ ഡ്രം, ഡിറ്റര്‍ജന്റ് ട്രേ, ഫില്‍ട്ടര്‍ എന്നിവയും വൃത്തിയാക്കണം. മെഷീന്‍ നിരപ്പായ പ്രതലത്തില്‍ വയ്ക്കുകയും വെള്ളം ചോരുന്ന സാഹചര്യം ഒഴിവാക്കേണ്ടതും പ്രധാനമാണ്. മെഷീന്‍ വൃത്തിയാക്കുമ്പോള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. അസാധാരണമായ ചൂട്, കത്തുന്ന മണം എന്നിവ അനുഭവപ്പെട്ടാല്‍ വിദഗ്ധസഹായം തേടണം.

Content Highlights :Minor acts of carelessness during use can affect the machine's operation and may lead to a situation where additional money must be spent on repairs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us