

2018-ലെ കേപ് ടൗൺ ടെസ്റ്റിനിടയിലെ 'സാൻഡ്പേപ്പർഗേറ്റ്' പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് മുൻ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ നടത്തിയ വെളിപ്പെടുത്തലുകൾ തള്ളി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്.
ഖവാജയുടെ അവകാശവാദങ്ങൾ നൂറു ശതമാനം തെറ്റാണെന്നും പൂർണമായും അസംബന്ധമാണെന്നും സിഡ്നിയിൽ വാർത്താസമ്മേളനത്തിൽ കമ്മിൻസ് വ്യക്തമാക്കി. ഖവാജയുടെ ആരോപണങ്ങൾ ആളുകളുടെ ജീവിതത്തെയും വ്യക്തിത്വത്തെയും ലഘുവായി കാണുന്നതാണെന്നും, പൂർണമായും വസ്തുതാവിരുദ്ധമാണെന്നും കമ്മിൻസ് കൂട്ടിച്ചേർത്തു.
ഈ ആഴ്ച പുറത്തിറങ്ങിയ ആത്മകഥയിലാണ്, പന്ത് ചുരണ്ടലിനെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിയാമായിരുന്നു എന്ന് ഖവാജ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സിഡ്നിയിൽ വിളിച്ചു ചേർത്ത അസാധാരണ വാർത്താസമ്മേളനത്തിൽ പാറ്റ് കമ്മിൻസ് തൻ്റെ നിലപാട് വ്യക്തമാക്കിയത്.
2018 മാർച്ചിൽ കേപ് ടൗണിലെ ന്യൂലാൻഡ്സിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിക്കാൻ സാൻഡ്പേപ്പർ ഉപയോഗിച്ചതാണ് സംഭവം. ക്രിക്കറ്റിന് അപകീർത്തി വരുത്തിയതിന് അന്നത്തെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയും ഓസ്ട്രേലിയ ഒരു വർഷത്തേക്ക് വിലക്കിയിരുന്നു.
പന്തിൽ സാൻഡ്പേപ്പർ ഉപയോഗിക്കുമ്പോൾ പിടിക്കപ്പെട്ട ഓപ്പണിംഗ് ബാറ്റർ കാമറൂൺ ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കാണ് ലഭിച്ചത്. മൂവരും ശിക്ഷ അംഗീകരിക്കുകയും പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
content highlights:Australian Test captain Pat Cummins has dismissed Usman Khawaja's recent claims as untrue, questioning why the veteran opener waited eight years to speak out about the issue. Cummins' sharp rebuttal has sparked intense debate across Australian cricket circles.